ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മൽസരത്തിൽ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ കാര്യമായി തിളങ്ങാൻ കഴിയാതിരുന്ന ശങ്കറിന് പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. സീനിയർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കിനെ മറികടന്നാണ് പന്തിനെ ഇലവനിൽ ഉൾപ്പെടുത്തിയത്.
എന്നാൽ ഈ നടപടി മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്കിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ‘വിജയ് ശങ്കറിന് എല്ലാ പിന്തുണയും നൽകുന്നതായി ഒരു ദിവസം മുൻപാണ് നായകൻ വിരാട് കോലി വ്യക്തമാക്കിയത്. എന്നാൽ പെടുന്നനെ താരം ടീമിൽ നിന്ന് പുറത്തായി. പന്തിനെ ഉൾപ്പെടുത്തിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തി.
ഇതൊരു നല്ല സന്ദേശമല്ല. പന്ത് വെടിക്കെട്ട് താരമാണ്, എന്നാൽ ഏകദിന ക്രിക്കറ്റിൽ അയാൾ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇഎസ്പിഎൻ ക്രിക്ഇൻഫോയിലെ ചർച്ചയിൽ മുരളി കാർത്തിക് പറഞ്ഞു.
എന്തുകൊണ്ടാണ് ടീം ഇന്ത്യ ഋഷഭ് പന്തിന് അവസരം നൽകിയതെന്ന് ടോസ് വേളയിൽ നായകൻ വിരാട് കോലി വ്യക്തമാക്കിയിരുന്നു.
ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങുന്നത്. വിജയ് ശങ്കറിന് കാലിന് പരിക്കേറ്റതിനാൽ ഋഷഭ് പന്ത് ഇലവനിലെത്തി. ഭയമില്ലാതെ കളിക്കുന്ന താരമാണ് പന്ത്. പന്തിന് അനായാസം കളിക്കാനാകുന്ന ചെറിയ ബൗണ്ടറിയാണ് ബിർമിംഗ്ഹാമിലേത്. ഇരുപത് റൺസ് പിന്നിട്ടുകഴിഞ്ഞാൽ പന്തിന്റെ ഇന്നിംഗ്സ് മറ്റൊരു ലെവലാകുമെന്നും മത്സരത്തിന് മുൻപ് വിരാട് കോഹ്ലി പറഞ്ഞിരുന്നു.