കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായി നടന്ന ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ 31 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഹിറ്റ്മാൻ രോഹിത് ശർമയുടെ സെഞ്ചുറിയും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചില്ല. ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിക്കുകയായിരുന്നു ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി ജോണി ബെയര്‍സ്റ്റോ ബാറ്റ് കൊണ്ട് താരമായപ്പോൾ മൂന്ന് വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റിൻറെ പ്രകടനമാണ് നിർണായകമായത്. ഇന്ത്യക്ക് വേണ്ടി ഹിറ്റ്മാൻ രോഹിത് പൊരുതി സെഞ്ചുറി സ്വന്തമാക്കി. ഒപ്പം വിരാട് കോലി അർധശതകം നേടിയപ്പോൾ ഹാർദിക്കിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച കാരണങ്ങൾ ഇനി പറയുന്നവയാണ്
ഫ്ളാറ്റ് പിച്ചും ചെറിയ ബൗണ്ടറിയുമുള്ള എഡ്ജ്ബാസ്റ്റണിൽ ടോസ് ലഭിച്ചത് ഇംഗ്ലണ്ടിന് വലിയ നേട്ടമായി. 337 എന്ന വലിയ സ്കോർ പടുത്തുയർത്താൻ ഇംഗ്ലണ്ടിന് സാധിച്ചു. ഇന്ത്യൻ സ്പിന്നർമാരായ യുസ്വേന്ദ്ര ചഹലിനെയും കുൽദീപ് യാദവിനെയും ജോണി ബെയര്‍സ്റ്റോ ജേസൺ റോയ് സഖ്യം നിർവീര്യമാക്കിയത് കോലിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഓപ്പണിംഗിലെ സെഞ്ചുറി കൂട്ടുകെട്ട് കൂറ്റൻ സ്കോറിന് അടിത്തറ പാകി.
ബെൻ സ്റ്റോക്സിൻറെ വെടിക്കെട്ട് ബാറ്റിംഗ്. ബൗളർമാർ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നെങ്കിലും സ്റ്റോക്സ് ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് എത്തിച്ചു. പവർപ്ലേയിലെ ഇന്ത്യയുടെ റൺവരൾച്ച. ടൂർണമെൻറിലെ ഏറ്റവും കുറഞ്ഞ 10 ഓവർ സ്കോർ ആയിരുന്നു ഇന്ത്യയുടെ 28 റൺസ്. ക്രിസ് വോക്സിനും ജോഫ്രാ ആർച്ചറിനും ഇന്ത്യയെ നിയന്ത്രിക്കാൻ ആയി.
ഹാർദിക് പണ്ഡ്യയുടെ പുറത്താകലിന് ശേഷം പൊരുതാനെത്തിയത് എംഎസ് ധോണിയും കേദാർ ജാദവും. 33 പന്തിൽ 45 റൺസ് അടിച്ചെടുത്ത ഹാർദിക്ക് വീണതോടെ പ്രതീക്ഷകൾ ധോണിയുടെ മേലിലായി. പക്ഷേ ധോണിക്കും കേദാർ ജാദവിനും പിന്നീടൊന്നും ചെയ്യാൻ സാധിക്കാതെ വന്നതോടെ കളി ഇംഗ്ലണ്ടിന് അനുകൂലമായി.