ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ടീമിലിടം ലഭിക്കാത്തത് ഏറെ ചർച്ചയായിരുന്നു.
നിരവധി ക്രിക്കറ്റ് ആരാധകരാണ് പന്തിനെ പുറത്താക്കാനുളള സെലക്ഷൻ കമ്മിറ്റി തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
പന്തിന് പകരം ദിനേഷ് കാർത്തികിനെയാണ് വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലേക്ക് സെലക്ടർമാർ പരിഗണിച്ചത്.
അതിനുളള കാരണവും സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ എംഎസ്‌കെ പ്രസാദ് വെളിപ്പെടുത്തി.
പന്തിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കായതിനാലാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതെന്നാണ് പ്രസാദിന്റെ വിശദീകരണം.
മുംബൈയിൽ കഴിഞ്ഞദിവസം നടന്ന വാർത്ത സമ്മേളനത്തിനിടെയാണ് പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്.
കാർത്തിക്കോ, പന്തോ എന്ന കാര്യത്തിൽ നീളമേറിയ ചർച്ചകളാണ് നടന്നത്. ധോണിക്ക് പരിക്കേൽക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ കാർത്തിക്കോ, പന്തോ കളിക്കണമെന്ന അഭിപ്രായത്തിലായിരുന്നു ഞങ്ങളെല്ലാവരും.
പ്രധാനപ്പെട്ടൊരു മത്സരത്തിൽ വിക്കറ്റ് കീപ്പിംഗും വളരെയധികം പ്രധാനപ്പെട്ടതാണ്. അത് കൊണ്ടാണ് പന്തിനെ മറികടന്ന് ദിനേഷ് കാർത്തിക്കിനെ ടീമിലെടുക്കാൻ ഞങ്ങൾ തീരുമാനിച്ചത് എന്ന് പ്രസാദ് വ്യക്തമാക്കി.