ഇത്തവണ ലോകകപ്പ് ഇന്ത്യ നേടും. ആ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ആ ആത്മവിശ്വാസം ടീമിന് പകരുന്നത് ക്യാപ്ടൻ വിരാട് കോഹ്ലിയും ടീമിന്റെ എല്ലാമെല്ലാമായ മഹേന്ദ്രസിംഗ് ധോണിയുമാണ്.
ആദ്യം ബാറ്റ് ചെയ്താൽ ഏറ്റവും കുറഞ്ഞത് 450 റൺസ് നേടുക എന്നതാവണം ലക്ഷ്യമെന്ന് കോഹ്ലിയും ധോണിയും ഉറപ്പിച്ചുകഴിഞ്ഞു.
ഇംഗ്ലണ്ടിലേത് വിവിധ സ്വഭാവം പ്രകടിപ്പിക്കുന്ന പിച്ചുകളും സ്റ്റേഡിയങ്ങളുമാണ്. ഏറ്റവും ബ്രില്യൻറായ ലോകോത്തര ബൌളർമാരെയാവും ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് നേരിടേണ്ടിവരിക.
ഏത് സാഹചര്യത്തിലായാലും ആദ്യം ബാറ്റ് ചെയ്താൽ 450 റൺസ് നേടുക എന്നതിനായിരിക്കും മുൻതൂക്കം.
കാരണം, പൊട്ടിത്തെറിക്കാൻ തയ്യാറായി നിൽക്കുകയാണ് ലോകകപ്പിലെ ടീമുകൾ.
400 റൺസിനടുത്ത് സ്കോർ ചെയ്താൽ പോലും അത് അനായാസം മറികടക്കാൻ ശേഷിയുള്ള ടീമുകളാണ് ലോകകപ്പിനെത്തുന്നത്.
അതുകൊണ്ടുതന്നെ വമ്പൻ സ്കോറുയർത്തി ആദ്യം തന്നെ വിജയം ഉറപ്പാക്കേണ്ട ബാധ്യതയാണ് കോഹ്ലിയും ധോണിയും ചേർന്ന് നൽകുന്നത്.
നല്ല ബൌളർമാരെ ബഹുമാനിക്കുമ്പോഴും അവരുടെ മോശം ബോളുകളെ പ്രഹരിക്കുക, മോശം ബൌളർമാരെ പരമാവധി ശിക്ഷിക്കുക.
വിക്കറ്റുകൾ പെട്ടെന്ന് കൊഴിഞ്ഞാൽ സുരക്ഷിതമായി കളിക്കാൻ ശ്രമിക്കുകയും അതേസമയം തന്നെ സ്കോർ കാർഡ് വേഗത്തിൽ ചലിപ്പിക്കുകയും ചെയ്യുക.
അവസാന 15 ഓവറുകളിൽ ആഞ്ഞടിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ഇതിനായി ആവിഷ്കരിക്കുന്നത്.
ഈ തന്ത്രങ്ങൾ രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴും ആപ്ലിക്കബിളാണ്.
ആദ്യം ബാറ്റ് ചെയ്ത ടീം 400 റൺസ് സ്കോർ ചെയ്താലും പതറാതെ അതിനെ ആത്മവിശ്വാസത്തോടെ ചേസ് ചെയ്യാനും ലക്ഷ്യത്തിലെത്താനും ഈ തന്ത്രം പ്രയോഗിക്കാനാണ് ധോണി കോഹ്ലി കൂട്ടുകെട്ട് തയ്യാറെടുക്കുന്നത്.