ഇത്തവണത്തെ ലോക കപ്പിൽ ഒരു മത്സരം മഴയെടുത്ത നിരാശയിലിരിക്കുന്ന ഇന്ത്യൻ ആരാധകർക്ക് സന്തോഷവാർത്തയുമായി വിരാട് കോഹ്ലി.
പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഉടൻ തന്നെ ടീമിൽ തിരിച്ചെത്തുമെന്ന് കോഹ്ലി വ്യക്തമാക്കി.
ന്യൂസിലൻഡിനെതിരായ മത്സരം മഴയിൽ നഷ്ടപ്പെട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കോഹ്ലിയുടെ പ്രഖ്യാപനം.
ധവാന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണെന്നും ഫിറ്റ്‌നസ് നിരീക്ഷിച്ചു വരികയാണെന്നും കോഹ്ലി പറഞ്ഞു.
ധവാന്റെ പകരക്കാരനായി റിഷഭ് പന്തും ഇംഗ്ലണ്ടിലെത്തിയിരുന്നു. എന്നാൽ പകരക്കാരനായി പന്തിനെ പ്രഖ്യാപിച്ചിരുന്നില്ല.
ധവാന് രണ്ടാഴ്ചയിലേറെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 30ന് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിനു മുമ്പ് ധവാൻ പരിക്കിൽനിന്നു മോചിതനാകുമെന്നാണ് പ്രതീക്ഷ.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടേയാണ് ധവാന് പരിക്കേറ്റത്. തുടർന്ന് മത്സരത്തിൽ ഫീൽഡിംഗിന് ധവാൻ ഇറങ്ങിയിരുന്നില്ല.