ലോകകപ്പിൽ നാലാം നമ്പർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിജയശങ്കർ വൻ പരാജയം: തഴയപ്പെട്ടവർ മികച്ച ഫോമിലും

24

ലോകകപ്പിൽ അതിനിർണായകമായ നാലാം നമ്പർ ബാറ്റിങ് സ്ഥാനത്തേക്ക് ദേശീയ സിലക്ടർമാർ തിരഞ്ഞെടുത്ത താരം വിജയശങ്കറിന്റെ ഐപിഎൽ ഫോം നൽകുന്നത് ശുഭസൂചനകളല്ല.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരു പോലെ തിളങ്ങാൻ ശേഷിയുണ്ടെന്നാണു സിലക്ടർമാരുടെ കണ്ടെത്തലെങ്കിലും അതു സാധൂകരിക്കുന്ന പ്രകടനമായിരുന്നില്ല ഈ ഓൾറൗണ്ടറുടേത്.

Advertisements

ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്ത കാലത്തു നടന്ന ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ബോളിങ് മികവിലൂടെ ഇന്ത്യയ്ക്ക് 8 റൺസ് വിജയം ശങ്കർ സമ്മാനിച്ചപ്പോൾ ആരാധകർ എഴുന്നേറ്റു നിന്നു കയ്യടിച്ചു.

സസ്‌പെൻഷനിലായിരുന്ന ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനായി ടീമിലെത്തിയ താരത്തിന്റെ പ്രകടനങ്ങളിലെല്ലാം ധീരനായ പോരാളിയുടെ സ്പർശമുണ്ടായിരുന്നു.

നാലാം നമ്പർ സ്ഥാനത്തേക്ക് ഇന്ത്യ കാത്തിരുന്ന താരം എന്ന വിശ്വാസം സിലക്ടർമാരും മുറുകെപ്പിടിച്ചതോടെ ലോകകപ്പ് ടീമിലേക്കുള്ള വാതിലും ശങ്കറിനു മുന്നിൽ തുറന്നു.

ഐപിഎല്ലിൽ ഈ സീസൺ ഗംഭീരമായിത്തന്നെയാണു തിരുനെൽവേലിക്കാരൻ തുടങ്ങിയത്. കൊൽക്കത്തയ്‌ക്കെതിരെ 24 പന്തിൽ 40 റൺസും രാജസ്ഥാനതിരെ 15 പന്തിൽ 35 റൺസും അടിച്ചു കൂട്ടി.

പക്ഷേ, പിന്നീട് 13 കളികളിൽ നേടാനായത് വെറും 169 റൺസാണ്. ആദ്യം ബാറ്റ് ചെയ്യുമ്പോൾ ടീമിന്റെ സ്‌കോറിങ് ഉയർത്താൻ വിഷമിച്ച താരത്തിന് ലക്ഷ്യം പിന്തുടരുമ്പോൾ വിജയത്തിലേക്കു നയിക്കുന്ന ഫിനിഷറാകാനും കഴിഞ്ഞില്ല.

ലോകകപ്പിനുള്ള 15 അംഗ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷമാണു ഫോം കുത്തനെ ഇടിഞ്ഞതെന്നതും ശ്രദ്ധേയമാണ്. ഓൾറൗണ്ടറാണെങ്കിലും ബോളിങ്ങിൽ തീരത്തും നിരാശാജനകമാണ് പ്രകടനം. ആകെ എറിഞ്ഞ എട്ട് ഓവറുകളിൽ 70 റൺസോളം വഴങ്ങി നേടിയത് ഒരു വിക്കറ്റ്.

അതേസമയം, ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാതെ പോയ മറ്റു ചിലതാരങ്ങൾ ഐപിഎല്ലിൽ ഭേദപ്പെട്ട പ്രകടനം നടത്തിയതും സിലക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകണം.

ഡൽഹിയുടെ ഋഷഭ് പന്ത്, കൊൽക്കത്തയുടെ ശുഭ്മാൻ ഗിൽ, ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ, രാജസ്ഥാന്റെ അജിങ്ക്യ രഹാനെ തുടങ്ങിയവരുടെ സ്ഥിതിവിവരക്കണക്കുകൾ ഏറെ ഭേദമാണ്.

കഴിഞ്ഞ ദിവസം പ്ലേഓഫിൽ ഹൈദരാബാദിനെതിരെ മിന്നുന്ന ബാറ്റിങ്ങിലൂടെയാണ് പന്ത് ഡൽഹിയെ വിജയത്തിലേക്കു നയിച്ചത്.

15 കളികളിൽ 163.63 സ്‌ട്രൈക്ക്‌റേറ്റിൽ 450 റൺസാണ് പന്ത് വാരിക്കൂട്ടിയത്. ഐപിഎല്ലിന്റെ രണ്ടാം പകുതിയിൽ ഹൈദരാബാദ് മധ്യനിരയുടെ നെടുംതൂണായി മാറിയ പാണ്ഡെ 12 കളിയിൽ 344 റൺസ്(സ്‌ട്രൈക്ക് റേറ്റ് 130.79) സ്‌കോർ ചെയ്തു.

Advertisement