ഉമേഷ് യാദവും വിരാട് കോഹ്ലിയും പ്രശ്‌നമുണ്ടാക്കി, അമ്പയർ വാതിൽ ചവിട്ടി പൊളിച്ചു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാടകീയ സംഭവങ്ങൾ

27

വേലി തന്നെ വിളവ് തിന്നുന്ന വാർത്തകളാണ് ഐപിഎല്ലിൽ ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദ് മത്സരശേഷം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisements

മത്സരം നിയന്ത്രിച്ച ഇംഗ്ലീഷ് അമ്പയർ നീൽ ലോംഗാണ് ഗ്രൗണ്ടിൽ ഉമേഷ് യാദവും ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയും ചൂടായതിന്റെ അരിശം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അമ്പയർമാരുടെ മുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് തീർത്തത്.

മത്സരത്തിലെ അവസാന ഓവർ എറിഞ്ഞ ഉമേഷ് യാദവിനെ ലോംഗ്, ഓവർ സ്റ്റെപ്പ് നോ ബോൾ വിളിച്ചിരുന്നു.

എന്നാൽ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ റീപ്ലേ കാണിച്ചപ്പോൾ ഉമേഷ് ഓവർ സ്റ്റെപ്പ് ചെയ്തില്ലെന്ന് വ്യക്തമായി. ഇതോടെ അമ്പയർക്ക് സമീപമെത്തി ഉമേഷും കോഹ്ലിയും തർക്കിച്ചു.

എന്നാൽ ഇവരോട് ദേഷ്യത്തോടെ പ്രതികരിച്ച ലോംഗ് നോ ബോൾ വിളിച്ച തീരുമാനം പിൻവലിച്ചില്ല.

ഇതിനുശേഷം മത്സരം പൂർത്തിയാക്കി അമ്പയർ റൂമിലെത്തിയപ്പോഴാണ് ലോംഗ് അരിശത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന് ലോംഗ് 5000 രൂപ പിഴയടക്കുകയും ചെയ്തു. കൂടാതെ ഇക്കാര്യം ബിസിസിഐ ഇടക്കാല ഭരണസിമിതിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

ഞായറാഴ്ച ഹൈദരാബാദിൽ നടക്കുന്ന ഐപിഎൽ ഫൈനൽ നിയന്ത്രിക്കുന്നതും ലോംഗാണ്. ഐസിസിയുടെ എലൈറ്റ് പാനലിലുള്ള അമ്പയർ കൂടിയാണ് ലോംഗ്.

Advertisement