ഐപിഎല്ലിൽ കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ അവരുടെ സ്വന്തം തട്ടകത്തിലെത്തി തോൽപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ്.
ഈ സീസണിൽ മുംബൈയ്ക്കെതിരെ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും സിഎസ്‌കെ പരാജയം സമ്മതിക്കുകയായിരുന്നു.
ചെന്നൈയുടെ ഹോം ഗ്രൌണ്ടായ ചെപ്പോക്കിൽ ജയം നേടാൻ സാധിച്ചതിന് കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ നായകൻ രോഹിത് ശർമ്മ.
സൂപ്പർതാരം മഹേന്ദ്ര സിംഗ് ധോണി കളിക്കാതിരുന്നതാണ് മുംബൈക്ക് കാര്യങ്ങൾ അനുകൂലമാക്കിയതും ജയം സ്വന്തമാക്കാൻ വഴിയൊരുക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ധോണിയുടെ അഭാവം ചെന്നൈ ടീമിനെ വലിയ തോതിൽ ബാധിച്ചു. അവരുടെ കരുത്തും ആത്മവിശ്വാസം ധോണിയാണ്.
അദ്ദേഹം കളിക്കാതിരുന്നത് മുംബൈയ്ക്ക് നേട്ടമായി. ധോണിഭായ് കൂടെ ഇല്ലെങ്കിൽ അവരുടെ കരുത്ത് ചോരും. ലക്ഷ്യത്തിലെത്താൻ പ്രയാസപ്പെടും.
ടോസ് ചെന്നൈ നേടിയത് ഗുണകരമായി. ബാറ്റിങ്ങ് ആണെങ്കിലും ബൗളിങ് ആണെങ്കിലും നന്നായി തുടങ്ങണമെന്ന് ഞങ്ങൾ ഓരോരുത്തരും കരുതിയിരുന്നു.
ഓരോ ടീമംഗത്തിന്റേയും കഠിനധ്വാനത്തിന്റെ വിജയമാണിതെന്നും രോഹിത് പറഞ്ഞു.
അതേസമയം, ബാറ്റിംഗിലെ പിഴവാണ് തോൽവിക്ക് കാരണമായതെന്ന് ധോണിക്ക് പകരം ടീമിനെ നയിച്ച സുരേഷ് റെയ്ന പറഞ്ഞു.
ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി കൊണ്ടിരിന്നു. പവർപ്ലേയും മധ്യഓവറുകളിലും വിക്കറ്റുകൾ വീണു. തോൽവിയുടെ കാരണക്കാർ ബാറ്റിംഗ് നിരയാണെന്നും അദ്ദേഹം പറഞ്ഞു.