യുവതാരം റിഷഭ് പന്തിന് ഓസ്ട്രേലിയയ്ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ ലഭിച്ച അവസരം മുതലാക്കുവാനായില്ല. പക്ഷേ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ഇംപ്രസ് ചെയ്യാന്‍ പന്തിനായി.
അഞ്ചാം ഏകദിനം കണ്ടവരുടെ ഓര്‍മയില്‍ ചിലപ്പോഴുണ്ടാവും പന്തിന്റെ കിപ് അപ്. അത് തന്നെ കാര്യം.
ഡബ്ല്യുഡബ്ല്യുഇ സ്റ്റാര്‍ ഷോണ്‍ മൈക്കള്‍സിന്റെ ട്രേഡ്മാര്‍ക്ക് കിപ് അപ്പാണ് പന്ത് വീണ്ടും ഗ്രൗണ്ടില്‍ കാണിച്ചത്.
ഓസീസ് ഇന്നിങ്സിന്റെ 48ാം ഓവറിലായിരുന്നു സംഭവം. പന്തിന്റെ കിപ് അപ്പ് കണ്ട് രോഹിത് ശര്‍മയുടെ മുഖത്ത് വന്ന ചിരിയും ക്യാമറ ഒപ്പിയെടുത്തു. കമന്ററി ബോക്സിലും ആ സമയം സംസാരം ഇത് തന്നെയായിരുന്നു.
പന്തിന്റെ കിപ് അപ്പിന്റെ സമയത്ത് കാണികള്‍ ഉയര്‍ത്തുന്ന ആരവവും കേള്‍ക്കാം. പന്തിന്റെ ഗ്രൗണ്ടിലെ ട്രേഡ്മാര്‍ക്ക് ആയിരിക്കുന്നു ഇതെന്നാണ് കമന്ററി ബോക്സില്‍ നിന്നും പ്രതികരണം വരുന്നത്. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച് മികവ് കാണിക്കുവാന്‍ പന്തിനും സാധിച്ചില്ല. ധോനിക്ക് രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ചതോടെയാണ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. ഐപിഎല്ലാണ് സെലക്ടര്‍മാരെ ഇംപ്രസ് ചെയ്യിക്കാന്‍ പന്തിന് മുന്നില്‍ ഇനിയുള്ളത്.