മുംബൈ: ഇന്ത്യന്‍ ആരാധകരിലേറെപ്പേരും ഉത്തരം കാത്തിരിക്കുന്ന ചോദ്യം സിലക്ടര്‍മാര്‍ക്ക് മുന്‍പിലുയര്‍ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എന്‍ജിനീയര്‍. ഏകദിന ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി മഹേന്ദ്രസിങ് ധോണിയോ ഋഷഭ് പന്തോ? എന്ന ചോദ്യമാണ് സിലക്ടര്‍മാരെ കുഴക്കിയിരിക്കുന്നത്.
ലോകകപ്പ് മാമാങ്കത്തിനു മാസങ്ങള്‍ മാത്രം ശേഷിക്കെ സിലക്ടര്‍മാര്‍ക്കു തലവേദനയായിരിക്കുകയാണ് ഈ ചോദ്യം. ഓസ്‌ട്രേലിയയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ ഏകദിന ടീമുകളില്‍നിന്ന് പന്തിനെ ഒഴിവാക്കുകയും ധോണിയെ ഉള്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് എന്‍ജിനീയര്‍ സിലക്ടര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ചോദ്യമുന്നയിച്ചിരിക്കുന്നത്.
അടുത്ത കാലം വരെ ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ ധോണിയുടെ പേരു മാത്രമായിരുന്നു ഉയര്‍ന്നു കേട്ടിരുന്നതെങ്കില്‍, ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഋഷഭ് പന്ത് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മല്‍സരം ഊര്‍ജിതമാക്കിയത്. ധോണിക്കു പകരം പന്തിനെ വിക്കറ്റ് കീപ്പറുടെ ജോലി ഏല്‍പ്പിക്കണമെന്ന അഭിപ്രായം ആരാധകര്‍ക്കിടയിലും വ്യാപിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ 60-ാം ജന്മദിനം ആഘോഷിക്കാനായി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങില്‍ ഫാറൂഖ് എന്‍ജിനീയര്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തിട്ടു. അദ്ദേഹത്തിന്റെ പരാമര്‍ശം ഇങ്ങനെ:
‘സിലക്ടര്‍മാരോടുള്ള ചോദ്യം ഇതാണ്: ഏകദിന ലോകകപ്പിനുള്ള ടീമിലേക്കു നിങ്ങള്‍ ധോണിയെ തിരഞ്ഞെടുക്കുമോ? പന്തിനെ എങ്ങനെയാണ് നിങ്ങള്‍ക്ക് അവഗണിക്കാനാകുക? അദ്ദേഹത്തിന്റേത് മികച്ച പ്രകടനം തന്നെയാണ്.’
1960കളിലും 70കളിലും ഇന്ത്യയ്ക്കായി 46 ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ച എണ്‍പതുകാരനായ ഫാറൂഖ് എന്‍ജിനീയര്‍ പന്തിനെക്കുറിച്ചും വാചാലനായി.
‘ഋഷഭിനെക്കാണുമ്പോള്‍ എനിക്കെന്റെ ചെറുപ്പകാലമാണ് ഓര്‍മ വരുന്നത്. ധോണിയുടേതിനു സമാനമായ രീതിയാണ് പന്തിന്റേതും. എല്ലാ അര്‍ഥത്തിലും ആ യുവാവിനെ പ്രോത്സാഹിപ്പിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആകാശത്തോളം ഉയരെ പുകഴ്ത്തി ഭാവി നശിപ്പിക്കുകയും ചെയ്യരുത്’- എന്‍ജിനീയര്‍ പറഞ്ഞു.
‘വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പന്ത് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട് എന്നതു ശരിയാണ്. എങ്കിലും അദ്ദേഹത്തിനു സമയം കൊടുക്കണം. തീരെ ചെറിയ പ്രായമാണ് ഋഷഭ്. അദ്ദേഹം മെച്ചപ്പെടുമെന്ന് ഉറപ്പാ്. തെറ്റുകളില്‍നിന്ന് പാഠം പഠിച്ച് വളരാന്‍ പന്തിനാകും’-എന്‍ജിനീയര്‍ ചൂണ്ടിക്കാട്ടി.
ഋഷഭ് പന്തിന് വിക്കറ്റ് കീപ്പിങ്ങുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ താല്‍പര്യമുണ്ടെന്നും എന്‍ജിനീയര്‍ പറഞ്ഞു.
‘ഇംഗ്ലണ്ടില്‍വച്ച് ധോണി ഉപദേശം തേടി എന്റെയടുത്തു വന്നത് ഓര്‍മ വരുന്നു. പന്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു മോഹമുണ്ട്. ഇപ്പോഴത്തേതിലും എത്രയോ ഇരട്ടി മികച്ച വിക്കറ്റ് കീപ്പറായി മാറാന്‍ അദ്ദേഹത്തെ ഞാന്‍ സഹായിക്കാം.
ബാറ്റിങ്ങിനോടുള്ള പന്തിന്റെ സമീപനം എനിക്ക് ഏറെയിഷ്ടമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ അധികം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്ല. ബാറ്റ്‌സ്മാന്‍മാരായ വിക്കറ്റ് കീപ്പര്‍മാരേയുള്ളൂ. ട്വന്റി20 ക്രിക്കറ്റില്‍ അത്യാവശ്യം അത്തരം താരങ്ങളാണ്. എങ്കിലും ടെസ്റ്റില്‍ മികച്ച വിക്കറ്റ് കീപ്പര്‍ അനിവാര്യമാണ്. കാരണം, ക്യാച്ചുകള്‍ അവിടെ വല്ലപ്പോഴും സംഭവിക്കുന്ന കാര്യമാണ്’- എന്‍ജിനീയര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബാറ്റ്‌സ്മാനെന്ന നിലയില്‍ക്കൂടി പരിഗണിക്കുമ്പോള്‍ പന്ത് മികച്ച കളിക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.