ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ ഐപിഎൽ കലാശപ്പോരിൽ അംപയറുടെ തീരുമാനത്തോട് വിയോജിച്ച് അതൃപ്തി പ്രകടിപ്പിച്ച മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡിന് പിഴശിക്ഷ.
മാച്ച് ഫീയുടെ 25 ശതമാനമാണ് പൊള്ളാർഡിന് പിഴയായി ചുമത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിലായിരുന്നു വിവാദമായ സംഭവം.
ബ്രാവോയുടെ മൂന്നാം പന്ത് വൈഡിന് ലൈനിന് പുറത്തുകൂടെ പോയെങ്കിലും അംപയർ സിഗ്നൽ കാണിച്ചില്ല.
ഇതോടെ ബാറ്റ് മുകളിലേക്കെറിഞ്ഞ് അതൃപ്തി രേഖപ്പെടുത്തി പൊള്ളാർഡ്. തൊട്ടടുത്ത പന്ത് എറിയും മുൻപ് ക്രീസിൽ നിന്ന് വൈഡ് ലൈനിലേക്ക് മാറിനിൽക്കുകയും പന്ത് നേരിടാതെ പിൻമാറുകയും ചെയ്ത് അംപയറെ ട്രോളി പൊള്ളാർഡ്.
പിന്നാലെ അംപയർമാർ പൊള്ളാർഡിൻറെ അടുത്തെത്തി തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. അംപയർമാർ അനുനയത്തിന് ശ്രമിച്ചെങ്കിലും പൊള്ളാർഡ് അനുകൂലമായി പ്രതികരിച്ചില്ല.
ലെവൽ 1 കുറ്റമാണ് പൊള്ളാർഡിന് മേൽ ചുമത്തിയിരിക്കുന്നത്. ഐപിഎൽ പൊരുമാറ്റചട്ടത്തിലെ 2.8 നിയമം പൊള്ളാർഡ് ലംഘിച്ചു എന്നാണ് കണ്ടെത്തൽ.
ഐപിഎൽ 12-ാം സീസണിലെ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് പിഴശിക്ഷയുടെ വാർത്ത പൊള്ളാർഡിനെ തേടിയെത്തിയത്.