അഭിനയം തിരിച്ചടിയായി; ഒരു വോട്ട് പോലും കിട്ടിയില്ല, നാണംകെട്ട് നെയ്മര്‍

8

മൊണാക്കോ: ഇതിഹാസങ്ങളായ ലയണല്‍ മെസിയുടെയും റൊണാള്‍ഡോയുടെയും ആധിപത്യം അവസാനിപ്പിച്ച് ലോക ഫുട്‌ബോളിലെ പുതിയ രാജാവായി മാറുമെന്നു വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍. എന്നാല്‍, നെയ്മറുടെ ഇപ്പോഴത്തെ അവസ്ഥ ആരാധകര്‍ക്ക് അത്ര സുഖകരമല്ല.

പരിക്കും റഷ്യന്‍ ലോകകപ്പിലെ അഭിനയവുമെല്ലാം നെയ്മറുടെ സൂപ്പര്‍ താര പദവിക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കളിക്കളത്തിലെ അഭിനയത്തിന്റെ പേരില്‍ ലോകകപ്പില്‍ ഏറ്റവുമധികം പരിഹസിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്ത താരമാണ് നെയ്മര്‍. ഫിഫയുടെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോഴും നെയ്മര്‍ക്കു കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ലോക ഇലവനില്‍ നിന്നും തഴയപ്പെട്ട നെയ്മര്‍ ടോപ്പ് ഫൈവില്‍ പോലും ഇല്ലായിരുന്നു.

Advertisements

ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാരും കോച്ചുമാരാണ് വോട്ടിങിലൂടെ ലോക ഫുട്‌ബോളറെ തെരെഞ്ഞെടുത്തത്. മുന്‍ഗണന അനുസരിച്ച് 1, 2, 3 എന്നിങ്ങനെ ക്രമത്തില്‍ ഇവര്‍ക്കു ഇഷ്ടമുള്ള താരങ്ങളെ തെരെഞ്ഞെടുക്കാം. ഏറ്റവുമധികം വോട്ട് ലഭിച്ച് ക്രൊയേഷ്യയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ലൂക്കാ മോഡ്രിച്ചാണ് ഇത്തവണ പരമോന്നത പുരസ്‌കാരം സ്വന്തമാക്കിയത്. നെയ്മറിന് ഇത്തവണ ഒരു വോട്ട് പോലും ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഒരു ദേശീയ ടീമിന്റെ കോച്ചോ, ക്യാപ്റ്റനോ നെയ്മര്‍ക്കു വോട്ട് നല്‍കിയിട്ടില്ല.

2017ലെ ബാലണ്‍ ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച താരമായിരുന്നു നെയ്മര്‍. അന്തിമ ലിസ്റ്റില്‍ മെസിക്കും റൊണാള്‍ഡോയ്ക്കും കടുത്ത ഭീഷണിയുയര്‍ത്താനും നെയ്മറിന് കഴിഞ്ഞിരുന്നു. 361 വോട്ടുകളാണ് അന്ന് നെയ്മര്‍ക്കു ലഭിച്ചത്. 670 വോട്ടുകളുമായി മെസി രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ 946 വോട്ടുകള്‍ നേടി റൊണാള്‍ഡോ കരിയറില്‍ അഞ്ചാം തവണയും ബാലണ്‍ ഡിയോര്‍ സ്വന്തമാക്കുകയായിരുന്നു.

സ്പാനിഷ് ഗ്ലാമര്‍ ടീമായ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയിലേക്കു ചേക്കേറിയ ശേഷമാണ് നെയ്മറുടെ കരിയര്‍ ഗ്രാഫ് താഴേക്കു പതിക്കുന്നത്. മെസിയുടെ നിഴലില്‍ നിന്നും പുറത്തു കടക്കുകയെന്ന ലക്ഷ്യത്തോടെണ് നെയ്മര്‍ ബാഴ്‌സ വിട്ടത്. എന്നാല്‍, പിഎസ്ജിയില്‍ ഇടയ്ക്കു ചില മിന്നല്‍ പ്രകടനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ബാഴ്‌സയിലേതു പോലെ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ പരിക്കുമൂലം മാസങ്ങളോളം താരത്തിന് പുറത്തിരിക്കേണ്ടി വരികയും ചെയ്തു. ഈ പരിക്ക് ഭേദമായ ശേഷമാണ് നെയ്മര്‍ ലോകകപ്പില്‍ ബ്രസീലിനായി കളിച്ചത്.

Advertisement