മെസിക്ക് പകരം പുതിയ ക്യാപ്റ്റന്‍; അടിമുടി മാറ്റങ്ങളുമായി അര്‍ജന്റീന

22

റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടികള്‍ക്കു ശേഷം ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയും ബ്രസീലും ആദ്യമായി കളത്തിലിറങ്ങുന്നു. സൗഹൃദ മത്സരത്തിലാണ് ഇരുടീമും ഭാഗ്യം പരീക്ഷിക്കുന്നത്. പുതിയ കോച്ചിനു കീഴില്‍ അടിമുടി മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങുന്നതെങ്കില്‍ ലോകകപ്പ് ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് മഞ്ഞപ്പടയെത്തുന്നത്.

Advertisements

ദുര്‍ബലരായ ഗ്വാട്ടിമാലയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ മല്‍സരം. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 8.30നാണ് കിക്കോഫ്. ബ്രസീല്‍ അമേരിക്കയെയാണ് നേരിടുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് കളിയാരംഭിക്കുന്നത്.

ലോകകപ്പില്‍ കണ്ട അര്‍ജന്റീനയെയല്ല സൗഹൃദ മല്‍സരത്തില്‍ ഗ്വാട്ടിമാലയ്‌ക്കെതിരേ ആരാധകര്‍ കാണുക. പുതിയ പരിശീലകനായ ലയണല്‍ സ്‌കലോനി പരീക്ഷണ ടീമിനെയാണ് അണിനിരത്തുന്നത്. ഗ്വാട്ടിമാലയ്‌ക്കെതിരായ മല്‍സരം കഴിഞ്ഞാല്‍ കൊളംബിയക്കെതിരേ മറ്റൊരു സൗഹൃദ മല്‍സരം കൂടി അര്‍ജന്റീനയ്ക്കു മുന്നിലുണ്ട്.

നിക്കോളാസ് ടാഗ്ലിയാഫിക്കോയെ അര്‍ജന്റീനയുടെ പുതിയ ക്യാപ്റ്റനായി സ്‌കലോനി നിയമിച്ചിട്ടുണ്ട്. രണ്ടു സൗഹൃദ മത്സരങ്ങളിലും അദ്ദേഹമായിരിക്കും ടീമിന്റെ ക്യാപ്റ്റന്‍. മുന്‍ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നാണ് പകരക്കാരനായി ടാഗ്ലിയാഫിക്കോയെ തിരഞ്ഞെടുത്തത്.

പരിശീലനത്തില്‍ വ്യത്യസ്തമായ ടീം ലൈനപ്പാണ് സ്‌കലോനി തെരെഞ്ഞെടുത്തത്. അതേ ഇലവനെത്തന്നെ ഗ്വാട്ടിമാലയ്‌ക്കെതിരേയും പരീക്ഷിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. റൂള്ളി, സറാവിയ, ഫ്രാങ്കോ, ഫ്യൂന്‍സ് മോറി, ടാഗ്ലിയാഫിക്കോ, ലോ സെല്‍സോ, ബറ്റാഗ്ലിയ, പലാഷ്യോസ്, പവോണ്‍, സിമിയോണി, മാര്‍ട്ടിനസ് എന്നിവരാണ് പരിശീലന മത്സരത്തിലെ അര്‍ജന്റീന ഇലവന്‍നിരയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ പവോണ്‍, സിമിയോണി, മാര്‍ട്ടിനസ് എന്നിവര്‍ ഗ്വാട്ടിമാലയ്‌ക്കെതിരേ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

മെസിയുടെ അഭാവം തന്നെയായിരിക്കും അര്‍ജന്റീനിയന്‍ നിരയില്‍ പ്രകടമാവുക. റഷ്യന്‍ ലോകകപ്പില്‍ ടീമിനേറ്റ തിരിച്ചടി മാനസികമായി അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലേക്കു തന്നെ പരിഗണിക്കരുതെന്ന് മെസി കോച്ച് സ്‌കലോനിയെ അറിയിച്ചത്.
മെസി ഇനി ദേശീയ ടീമിനായി കളിക്കുമോയെന്ന കാര്യം പോലും അനിശ്ചിതത്വത്തിലാണ്. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ടീമില്‍ തിരിച്ചെത്താമെന്നാണ് കോച്ച് സ്‌കലോനി നേരത്തേ പറഞ്ഞത്.

റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളായിരുന്ന ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റു പുറത്താവുകയായിരുന്നു. ഈ ലോകകപ്പില്‍ ഫൗള്‍ അഭിനയത്തിന്റെ പേരില്‍ സൂപ്പര്‍ താരം നെയ്മര്‍ ഏറെ വിമര്‍ശനം നേരിടുകയും ചെയ്തു. നെയ്മറുള്‍പ്പെടയുളള പ്രമുഖരെയെല്ലാം ഉള്‍പ്പെടുത്തി ശക്തമായ ഇലവനെത്തന്നെയാണ് കോച്ച് ടിറ്റെ അമേരിക്കയ്‌ക്കെതിരേ ഇറക്കുന്നത്.

Advertisement