മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ മത്സരങ്ങളില്‍ ചിലത് അമേരിക്കയില്‍ നടത്താനുള്ള നീക്കത്തിനെതിരേ താരങ്ങള്‍ രംഗത്ത്. സമരം അടക്കമുള്ള പ്രതിഷേധം നടത്തുമെന്ന ഭീഷണിയിലാണ് ലാ ലിഗ കളിക്കാരുടെ അസോസിയേഷനായ എഎഫ്ഇ.
അമേരിക്കന്‍ മാധ്യമ കന്പനിയായ റെലവന്റുമായുള്ള കരാര്‍ പ്രകാരം ലാ ലിഗയിലെ പ്രധാന മത്സരങ്ങളില്‍ ചിലത് അമേരിക്കയില്‍ നടത്താന്‍ കരാറായിട്ടുണ്ട്. ലാ ലിഗയും റെലവന്റുമായുള്ള 15 വര്‍ഷത്തെ പാര്‍ട്ണര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലാണിത്. വടക്കേ അമേരിക്കയില്‍ ഫുട്ബോളിനു വേരോട്ടം ശക്തമാക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിനെതിരേയാണ് കളിക്കാര്‍ രംഗത്തെത്തിയത്.
റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, ബാഴ്സലോണ വൈസ്ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്ക്വെറ്റ്സ്, അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളായ കോക്കെ, ഹ്വാന്ഫ്രാന്, വിയ്യാറയലിന്റെ ബ്രൂണോ, എസ്പ്യാനോളിന്റെ ലിയോ ബാപ്റ്റിസ്റ്റോ, റയലിന്റെ നാച്ചോ തുടങ്ങിയവര്‍ കളിക്കാരുടെ യോഗത്തില്‍ സംബന്ധിച്ചു.