അവസാന ഘട്ടത്തിലേക്ക് ഐപിഎൽ മൽസരങ്ങൾ പുരോഗമിക്കവെ ലോക കപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിൽ ഇടംപിടിച്ച സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ഐപിഎല്ലിൽ ഫോം മങ്ങിയതാണ് കുൽദീപിന് വിനയായത്. ഇനി കൊൽക്കത്തയുടെ പ്ലേയിംഗ് ഇലവനിൽ കുൽദീപ് കളിക്കാൻ സാധ്യതയില്ല.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ കുൽദീപ് പൊതിരെ തല്ലുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കുൽദീപിനെ ഒഴിവാക്കാൻ കൊൽക്കത്ത തീരുമാനിച്ചത്.
കൊൽക്കത്തൻ പരിശീലകൻ ജാക്ക് കാലിസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊൽക്കത്ത കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച സാഹചര്യങ്ങൾ സ്പിന്നർമാരെ സഹായിക്കുന്നതല്ലായിരുന്നെന്ന് പറഞ്ഞ കാലീസ്, ടീം ബാലൻസ് നിലനിർത്തുന്നതിന് വേണ്ടി കുൽദീപിനെ ഒഴിവാക്കാൻ കൊൽക്കത്ത നിർബന്ധിതരാവുകയായിരുന്നെന്നും കൂട്ടിച്ചേർത്തു.
‘സ്പിന്നർമാരെ പിന്തുണയ്ക്കുന്ന വിക്കറ്റായിരുന്നില്ല ഈ വർഷം ഈഡനിലേത്. കുൽദീപിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ സീസണാണ് ഇത്.
ഇതിൽ നിന്ന് അദ്ദേഹം ഒത്തിരി പാഠങ്ങൾ പഠിക്കും. എന്നാൽ കുൽദീപിന്റെ പുറത്താകൽ ഒരുതരത്തിലും ഇന്ത്യയുടെ ലോക കപ്പ് പദ്ധതിയെ ബാധിക്കില്ല.
50 ഓവർ മത്സരവും 20 ഓവർ മത്സരവും തമ്മിൽ വളരെ വ്യത്യാസമുണ്ട്.” കാലീസ് പറഞ്ഞു. നിലവിൽ ഐപിഎല്ലിൽ പ്ലേഓഫിനായി ജീവന്മരണ പോരാട്ടമാണ് കൊൽക്കത്ത നടത്തുന്നത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുളള കൊൽക്കത്ത അഞ്ചാം സ്ഥാനത്താണ്.