പന്തെറിയാൻ താൻ ശ്രമിക്കുന്നത് സഹതാരങ്ങൾക്ക് ഒരിക്കലും ഉൾക്കൊള്ളാനാകാത്ത കാര്യമാണെന്നും പലപ്പോഴും അതിന്റെ പേരിൽ തനിക്ക് വിമർശനമേൽക്കേണ്ടി വന്നിട്ടുണ്ടെന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി.
തന്റെ മീഡിയം പേസ് ബൗളിംഗ് ടീമിലെ മറ്റുള്ളവർക്ക് ഒരു തമാശയാണെങ്കിലും തനിക്കത് ഗൗരവമുള്ള കാര്യമാണെന്നാണെന്നും കോഹ്ലി പറയുന്നു.
സ്റ്റാർ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലാണ് കോഹ്ലി ബൗളിംഗിനെ കുറിച്ച് മനസ് തുറന്നത്.
‘എന്റെ ബൗളിംഗിനെ ടീമിൽ ആരും വിശ്വാസത്തിലെടുക്കാറില്ല. എന്നാൽ എനിക്കെന്റെ ബൗളിംഗിൽ വിശ്വാസമുണ്ട്. 2017ൽ ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഏതാണ്ട് എല്ലാ കളികളും നമ്മൾ ജയിച്ചു നിൽക്കുകയായിരുന്നു.
ജയം ഉറപ്പിച്ച ഒരു കളിയിൽ ഞാൻ ധോണിയോട് ബൗൾ ചെയ്യട്ടേ എന്ന് ചോദിച്ചു. ധോണി എന്നെ പന്തേൽപ്പിക്കുകയും ചെയ്തു.
എന്നാൽ ഇതു കണ്ട് ബൗണ്ടറിയിൽ നിൽക്കുകയായിരുന്ന ഭുംറ ഉച്ചത്തിൽ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞത്, ഇത് തമാശക്കളിയല്ല, രാജ്യാന്തര മത്സരമാണെന്നായിരുന്നു’ കോഹ്ലി പറയുന്നു.
പുറംവേദന അലട്ടാൻ തുടങ്ങിയശേഷമാണ് താൻ ബൗളിംഗിൽ നിന്ന് പിൻവാങ്ങിയതെന്ന് പറയുന്ന കോഹ്ലി നെറ്റ്സിൽ ഇപ്പോഴും പന്തെറിയാറുണ്ടെന്നും പറയുന്നു.
ഡൽഹിയിലെ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന കാലത്ത് ബൗൾ ചെയ്യുമ്പോൾ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സന്റെ ബൗളിംഗ് ആക്ഷൻ ആണ് എടുക്കാറുള്ളതെന്നും പിന്നീട് ആൻഡേഴ്സണൊപ്പം കളിച്ചപ്പോൾ ഇത് പറഞ്ഞ് ചിരിച്ചുവെന്നും കോഹ്ലി പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ എട്ട് വിക്കറ്റുകളാണ് കോഹ്ലി സ്വന്തമാക്കിയിട്ടുളളത്. ഏകദിനത്തിലും ടി20യിലുമായി നാലു വീതം വിക്കറ്റുകളാണ് കോഹ്ലി ഇതുവരെ നേടിയത്.