ഇത്തവണത്തെ ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ടീം ഇന്ത്യക്ക് ആശ്വാസവാർത്ത. പരുക്കിന്റെ പിടിയിലായ കേദാർ ജാദവ് ലോകകപ്പ് കളിക്കും.
താരം ശാരീരികക്ഷമത കൈവരിച്ചതായും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം വൈകാതെ ചേരുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ജാദവിന്റെ ഫിറ്റ്നസ് സംബന്ധിച്ചുള്ള റിപ്പോർട്ട് വ്യാഴാഴ്ച ടീം ഫിസിയോ പാട്രിക് ഫർഹർട്ട് ബിസിസിഐക്ക് കൈമാറി. ഈ റിപ്പോർട്ടിൽ താരം പൂർണ്ണമായും ആരോഗ്യവാൻ ആണെന്ന് വ്യക്തമാക്കുന്നു.
മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിനായി 22 തിയതിയാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ഇതിന് മുമ്പായി ജാദവിന് പരുക്ക് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ബിസിസിഐ പുറത്തുവിടും.
ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ജാദവിന്റെ പരുക്ക് ടീം ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരുന്നു.
താരത്തിന് കളിക്കാൻ കഴിയാതെ വന്നാൽ റിസവ് താരങ്ങളായ ഋഷഭ് പന്തോ, അമ്പാട്ടി റായുഡുവോ ടീമിൽ എത്തുമായിരുന്നു.
അതേസമയം, ഓൾറൌണ്ടറായ അക്ഷേർ പട്ടേലിനെയാണ് കേദാറിന് പകരക്കാരനായി പരിഗണിക്കുന്നതെന്ന സൂചനകളും പുറത്തുവന്നിരുന്നു.
ഐപിഎല്ലിൽ പഞ്ചാബിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെയാണ് ചെന്നൈ താരമായ കേദാറിന്റെ തോളിന് പരുക്കേറ്റത്. ഇതോടെ ഐപിഎൽ പന്ത്രണ്ടാം സീസൺ പൂർത്തിയാക്കാതെ താരം പുറത്തായി.