ഐപിഎല്ലിൽ കാര്യങ്ങളൊന്നും ശരിയാകുന്നില്ലെന്ന് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തുറന്നു പറഞ്ഞു കഴിഞ്ഞു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടും പിന്നാലെ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനോടും ദയനീയമായി പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്സിൽ പതിവില്ലാത്ത സമ്മർദ്ദം നിറയുകയാണ്.
രണ്ടാം ക്വാളിഫയറിൽ ഭാവി ഇന്ത്യൻ താരങ്ങൾ അണിനിരക്കുന്ന ഡൽഹി ക്യാപിറ്റൽസിനെയാണ് നേരിടേണ്ടത്.
ചെന്നൈയേക്കാളും ശക്തരാണ് ശ്രയേസ് അയ്യർ നയിക്കുന്ന ഡൽഹിയെന്ന് സി എസ് കെ ആരാധകർ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ, ധോണിയെന്ന അതികായനിലാണ് അവരുടെ എല്ലാ പ്രതീക്ഷകളും.
ചെന്നൈ സ്പിൻ ബോളിംഗിനെ ആശ്രയിക്കുമ്‌ബോൾ ബാറ്റിംഗ് കരുത്താണ് ഡൽഹിയുടെ കൈമുതൽ. ഇതാണ് ചെന്നൈയെ ഭയപ്പെടുത്തുന്നത്.
ശിഖർ ധവാൻ, ഋഷഭ് പന്ത്, പൃഥി ഷാ, ശ്രേയസ് അയ്യർ എന്നീ നാല് ബാറ്റിംഗ് വെടിക്കെട്ടുകൾ മത്സരം മാറ്റി മറിക്കാൻ ശേഷിയുള്ളവരാണ്.
15 മത്സരങ്ങളിൽ നിന്ന് ധവാൻ 503 റൺസ് അടിച്ചു കൂട്ടിയപ്പോൾ ഇത്രയും മത്സരങ്ങളിൽ നിന്ന് പന്ത് അടിച്ചെടുത്തത് 450 റൺസാണ്.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാറ്റിൽ നിന്ന് ഒഴുകിയത് 450 റൺസ്. ഓപ്പണർ പൃഥി ഷാ 348 റൺസുമായി ഇവർക്ക് പിന്നാലെയുണ്ട്.
ഇത്രയും ശക്തമായ ബാറ്റിംഗ് നിരയുള്ള ഡൽഹിക്ക് മുമ്ബിൽ ഷെയ്ൻ വാട്സൺ, ഫാഹ് ഡ്യുപ്ലെസി, സുരേഷ് റെയ്ന, ധോണി എന്നീ ലോകോത്തര താരങ്ങൾ പിന്നിലാണെന്നതാണ് ശ്രദ്ധേയം.
സി എസ് കെയ്ക്ക് 2018 ഐ പിൽ കിരീടം സമ്മാനിച്ച വാട്സൺ 15 കളികളിൽ നിന്ന് 268 റൺസ് മാത്രമാണ് നേടിയത്.
10 കളികളിൽ നിന്ന് ഡ്യുപ്ലെസി 320 റൺസ് വാരിക്കൂട്ടിയപ്പോൾ എല്ലാ മത്സരവും കളിച്ച റെയ്ന 364 റൺസ് മാത്രമാണ് നേടിയത്.
വലറ്റത്തും മധ്യനിരയിലുമായി ഇറങ്ങുന്ന ധോണിയാണ് ഇവരിൽ കേമൻ. 13 കളികളിൽ 405 റൺസാണ് ക്യാപ്റ്റൻ നേടിയത്.
ഈ ബാറ്റിംഗ് കണക്കുകൾ ചെന്നൈയെ ഭയപ്പെടുത്തുമെന്നത് തീർച്ചയാണ്. കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ബാറ്റിംഗിനൊപ്പം ബോളിംഗും വിജയം കണ്ടില്ലെങ്കിൽ ഡൽഹിയോട് ബൈ പറഞ്ഞ് പിരിയേണ്ടി വരും അവർക്ക്.
അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ഡെയ്ൻ ബ്രാവോ എന്നിവർ ഇനിയെങ്കിലും തിളങ്ങിയില്ലെങ്കിൽ ധോണിക്ക് ഇനിയൊന്നും ചെയ്യാൻ ഉണ്ടാകില്ല.