കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റെയ്ന ജഡേജ ഫിനിഷിംഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം. കൊൽക്കത്തയുടെ 161 റൺസ് ചെന്നൈ രണ്ട് പന്ത് ബാക്കിനിൽക്കേ ചെന്നൈ മറികടന്നു.
അർദ്ധ സെഞ്ചുറി നേടിയ സുരേഷ് റെയ്നയാണ് വിജയശിൽപി. കൊൽക്കത്തയ്ക്കായി നരെയ്നും ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ ഷെയ്ൻ വാട്സണെ(6) തുടക്കത്തിലെ ഹാരി എൽബിയിൽ കുടുക്കി.
മികച്ച തുടക്കം ലഭിച്ചെങ്കിലും 16 പന്തിൽ 24 റൺസെടുത്ത ഡുപ്ലസിസ് നരെയ്ൻറെ ആറാം ഓവറിൽ ബൗൾഡായി. അഞ്ച് റൺസുമായി അമ്പാട്ടി റായുഡുവും വന്നപോലെ മടങ്ങി. കേദാർ ജാദവ്(12 പന്തിൽ 20) മികച്ച തുടക്കം നേടിയെങ്കിലും ചൗളയ്ക്ക് മുന്നിൽ വീണു.
‘തല’യും ‘ചിന്നത്തല’യും ഒന്നിച്ചതോടെ കളി മാറുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ നരെയ്ൻറെ 16-ാം ഓവറിലെ നാലാം പന്തിൽ ധോണി(16) എൽബിയിൽ കുടുങ്ങി.
പിന്നാലെ റെയ്ന 36 പന്തിൽ അർദ്ധ സെഞ്ചുറിയിലെത്തി. അവസാന മൂന്ന് ഓവറിൽ 32 റൺസാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. 19.4 ഓവറിൽ റെയ്നയും(42 പന്തിൽ 58) ജഡേജയും(17 പന്തിൽ 31) ഈ ലക്ഷ്യത്തിലെത്തി.
ഇമ്രാൻ താഹിറിൻറെ നാല് വിക്കറ്റ് പ്രകടനത്തിൽ കൊൽക്കത്തയെ 161ൽ തളയ്ക്കുകയായിരുന്നു നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സ്.
കൊൽക്കത്ത നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിനാണ് ഇത്രയും റൺസെടുത്തത്. ഓപ്പണർ ക്രിസ് ലിന്നിൻറെ തകർപ്പൻ അർദ്ധ സെഞ്ചുറി(51 പന്തിൽ 82) മാത്രമാണ് കൊൽക്കത്തയ്ക്ക് ഓർമ്മിക്കാനുള്ളത്.
സുനിൽ നരെയ്ൻ(2), നിതീഷ് റാണ(21), റോബിൻ ഉത്തപ്പ(0), ദിനേശ് കാർത്തിക്(18), ആന്ദ്രേ റസൽ(10), ശുഭ്മാൻ ഗിൽ(15), പീയുഷ് ചൗള(4) കുൽദീപ് യാദവ്(0) എന്നിങ്ങനെയായിരുന്നു കൊൽക്കത്ത താരങ്ങളുടെ സ്‌കോർ. താക്കൂർ രണ്ടും സാന്റനർ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ നാല് ക്യാച്ചെടുത്ത് ഫീൽഡിൽ ഡുപ്ലസി താരമായി.