ഐപിഎല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയം എന്ന ഒറ്റലക്ഷ്യം മാത്രം മുന്നിൽ വച്ചാണ് പോരാട്ടത്തിനിറങ്ങിയത്.
എബി ഡിവില്ലിയേഴ്‌സിന്റെ അഭാവത്തിലും വിരാട് കോഹ്‌ലിയും മോയിൻ അലിയും മിന്നിയതോടെ കൊൽക്കത്തയ്ക്ക് മുന്നിൽ 214 റൺസിന്റെ വിജയലക്ഷ്യമായിരുന്നു ആർസിബി പടുത്തുയർത്തിയത്.
ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെയും മോയിൻ അലിയുടെ അതിവേഗ അർധസെഞ്ചുറിയുടെയും മികവിലാണ് ആർസിബി മികച്ച സ്‌കോർ കുറിച്ചത്.
പതിനഞ്ചാം ഓവറിൽ 122 റൺസ് മാത്രമായിരുന്നു ബാംഗ്ലൂരിന്റെ സ്‌കോർ. എന്നാൽ, പിന്നീട് ശരവേഗത്തിലാണ് ആർസിബിയുടെ സ്‌കോർ കുതിച്ചത്.
അതിൽ ഏറ്റവും പ്രഹരമേറ്റ് വാങ്ങിയത് കുൽദീപ് യാദവാണ്. ഓവറിന്റെ അവസാന പന്തിൽ മോയിൻ അലിയെ പുറത്താക്കിയെങ്കിലും ആദ്യ അഞ്ച് പന്തിൽ താരം വിട്ടുനൽകിയത് 27 റൺസാണ്.
ഈ ഐപിഎല്ലിൽ വിക്കറ്റുകൾ നേടാൻ വിഷമിക്കുന്ന കുൽദീപ് നാല് ഓവറിൽ വഴങ്ങിയത് 59 റൺസാണ്.
ഐപിഎൽ ചരിത്രത്തിൽ ഒരു സ്പിന്നറുടെ ഏറ്റവും മോശം റെക്കോർഡിന് ഒപ്പമാണ് കൊൽക്കത്തയ്ക്ക് എതിരായ പ്രകടനത്തിലൂടെ കുൽദീപ് എത്തി നിൽക്കുന്നത്.
ഇതോടെ തന്റെ ഓവറിന് ശേഷം കുൽദീപിന് സ്വയം നിയന്ത്രിക്കാനായില്ല. ബൗണ്ടറിക്ക് സമീപം എത്തിയ താരം സങ്കടം സഹിക്കാൻ സാധിക്കാതെ ഗ്രൗണ്ടിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.
സഹതാരം നിതീഷ് റാണ എത്തിയാണ് കുൽദീപിനെ ആശ്വസിപ്പിച്ചത്. 2019 ഐപിഎല്ലിൽ ഒമ്പത് മത്സരങ്ങൾ കളിച്ച കുൽദീപ് നാല് വിക്കറ്റുകൾ മാത്രമാണ് ഇതുവരെ നേടിയത്.
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം ഉറപ്പിച്ചെങ്കിലും ഈ പ്രകടനം കുൽദീപിന് മുന്നിൽ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
കോഹ്‌ലി ക്രീസിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ട് ടീമിൽ അംഗമായ മോയിൻ അലിയിൽ നിന്ന് അടിയേറ്റ് വാങ്ങിയത് തിരിച്ചടിയാണ്.
അടുത്തയിടെ ഒരു അഭിമുഖത്തിൽ തനിക്ക് ഐപിഎല്ലിൽ തിളങ്ങാനാവാത്തത് ഇന്ത്യൻ ടീമിൽ ആദ്യ പതിനൊന്നിൽ ഇടം നേടുന്നതിന് തടസമാകുമെന്ന് കുൽദീപ് തന്നെ പറഞ്ഞിരുന്നു.
അതിനൊപ്പം ഇന്ന് അടി വാങ്ങി കൂട്ടിയതും കൂടിയായതോടെയാണ് താരത്തിന് സ്വയം നിയന്ത്രിക്കാനാവാതെ പോയത്.