മൈതാനത്ത് നാടകീയ സംഭവങ്ങൾ: സഹതാരങ്ങളോട് പൊട്ടിത്തെറിച്ച് ദിനേശ് കാർത്തിക്

16

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎൽ മത്സരത്തിനിടെ മൈതാനത്ത് നാടകീയ സംഭവങ്ങൾ.

തോറ്റാൽ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിക്കുമെന്നതിനാൽ ഇരു ടീമുകളും കൈമെയ് മറന്നാണ് പൊരുതിയത്.

Advertisements

ഇതിനിടെ പഞ്ചാബ് ഇന്നിംഗ്സിനിടെ രണ്ടാമത്തെ സ്ട്രാറ്റജിക് ടൈം ഔട്ടിൽ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക് സഹതാരങ്ങളോട് ചൂടായത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.

സാം കറൻ നൽകിയ അനായാസ ക്യാച്ച് റിങ്കു സിംഗ് നിലത്തിടുകയും പിന്നീട് കറൻ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.

കൊൽക്കത്ത ബൗളർമാരുടെ മോശം പന്തേറ് കൂടിയായതോടെ പഞ്ചാബ് വലിയ സ്‌കോറിലേക്ക് കുതിച്ചു. ഇതാണ് കാർത്തികിനെ ചൊടിപ്പിച്ചത്.

മത്സരശേഷം കാർത്തിക് തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ചിലരുടെ ഫീൽഡിംഗിലും ബൗളിംഗിലും ഞാൻ തൃപ്തനല്ലായിരുന്നു.

ദേഷ്യപ്പെടേണ്ടയിടത്ത് ദേഷ്യപ്പെട്ടേ മതിയാവു. അതിനാലാണ് കളിക്കാരോട് ദേഷ്യപ്പെട്ട് സംസാരിച്ചത് കാർത്തിക് പറഞ്ഞു.

മത്സരത്തിനിടെ ബൗളിംഗ് ലഭിക്കാത്തതിൽ സുനിൽ നരെയ്ൻ അസ്വസ്ഥനാവുകയും റോബിൻ ഉത്തപ്പ നരെയ്നെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

തെറ്റായ ബൗളിംഗ് തീരുമാനങ്ങളാണ് ടീമിന്റെ തോൽവിക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം ടീമിലെ സൂപ്പർ താരം ആന്ദ്രെ റസൽ പരസ്യമായി പറഞ്ഞിരുന്നു.

എന്നാൽ പിന്നിൽ നിന്നുള്ള കുത്തുകൾ താൻ പ്രതീക്ഷിക്കുന്നുണ്ടെന്ന കാർത്തിക്കിന്റെ മറുപടിയും കൊൽക്കത്ത ടീമിനകത്ത് കാര്യങ്ങൾ അത്ര പന്തിയല്ലെന്നതിന്റെ സൂചനയാണ് നൽകുന്നതെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.

Advertisement