ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ കുതിപ്പു തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ലിയോണിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്ത് ലീഗ് വണിൽ തുടർച്ചയായ ഒൻപതാം ജയം സ്വന്തമാക്കി. ആദ്യമായാണ് ഒരു ഫ്രഞ്ച് ക്ലബ് ലീഗിലെ ആദ്യ ഒൻപതു മത്സരങ്ങളും തുടർച്ചയായി വിജയിക്കുന്നത്.
രണ്ടാം പകുതിയിൽ പതിമൂന്നു മിനുട്ടിനിടെ നാലു ഗോളുകൾ എംബാപ്പെ നേടിയപ്പോൾ ഒരു ഗോൾ പെനാൽട്ടിയിലൂടെ നെയ്മറാണു സ്വന്തമാക്കിയത്. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലില്ലെയെക്കാൾ എട്ടു പോയിന്റ് മുന്നിലാണ് പിഎസ്ജി.
ഒൻപതാം മിനുട്ടിൽ തന്നെ നെയ്മർ പെനാൽട്ടിയിലൂടെ പിഎസ്ജിയെ മുന്നിലെത്തിച്ചതിനു ശേഷം ആദ്യ പകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ പിറന്ന രണ്ടു ചുവപ്പുകാർഡുകൾ പിന്നീട് മത്സരത്തിന്റെ ഗതി മാറ്റുന്നതിൽ നിർണായകമായിരുന്നു.
മുപ്പത്തിരണ്ടാം മിനുട്ടിൽ പിഎസ്ജി താരം കിംപെംബയാണ് ആദ്യം ചുവപ്പുകാർഡ് നേടി പുറത്തു പോയത്. അതിനു പിന്നാലെ ആദ്യ പകുതിക്കു മുൻപ് ലിയോൺ താരം ലുകാസ് ടൊസ്കാർട് രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയും പുറത്തായി.
രണ്ടാം പകുതിയുടെ അറുപത്തിയൊന്നാം മിനുട്ടിലാണ് എംബാപ്പെ തന്റെ ഗോൾ വേട്ടക്കു തുടക്കമിടുന്നത്. അതിനു ശേഷം 64,69, 74 മിനുട്ടുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ പിറന്നത്. മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച നെയ്മർ പിഎസ്ജിയുടെ പ്രകടനത്തിൽ നിർണായക സ്വാധീനമായിരുന്നു.
നാലു ഗോളുകൾ നേടിയതോടെ നെയ്മർക്കൊപ്പം ഫ്രഞ്ച് ലീഗിലെ ടോപ് സ്കോറർമാരിലൊരാളാണ് നെയ്മർ. രണ്ടു പേരും എട്ടു ഗോളുകളാണ് നേടിയിരിക്കുന്നത്.