നിന്നെ ഒഴിവാക്കുന്നതിനു മുൻപ് ഒരവസരം കൂടി നൽകും; വെളിപ്പെടുത്തലുമായി വീരേന്ദർ സെവാഗ്

76

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. കരിയറിന്റെ ആദ്യ കാലത്ത് മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്തിരുന്ന സെവാഗിനെ ഓപ്പണിങ്ങിലേക്ക് കൈപിടിച്ചുയർത്തിയത് അന്നത്തെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ്. അതിനെക്കുറിച്ച് സെവാഗ് തന്നെ ഇപ്പോൾ ഓർത്തെടുത്തിരിക്കുകയാണ്.

Advertisements

ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ കോളത്തിൽ സെവാഗ് ഗാംഗുലിയെക്കുറിച്ചു പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങൾ:

‘ബാറ്റിങ് ഓർഡറിൽ മുകളിലേക്കു ഞാൻ മാറാൻ പ്രധാന കാരണം ദാദയാണ്. എന്നോട് ഓപ്പൺ ചെയ്യാൻ പറയുമ്പോൾ മാത്രമാണ് അതേക്കുറിച്ചു ഞാനറിഞ്ഞത്. എന്റെ ഉത്തരം വളരെ സിംപിളായിരുന്നു. എന്തുകൊണ്ട് എനിക്ക് ഓപ്പൺ ചെയ്തുകൂടാ, എനിക്കും ഓപ്പൺ ചെയ്യാം, സച്ചിനും ഓപ്പൺ ചെയ്യാം.’- സെവാഗ് എഴുതി. ഇത് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

‘അദ്ദേഹം എന്നോടു പറഞ്ഞത് ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നാണ്. ഞാനത് ഏറ്റെടുത്താൻ ടീമിൽ എന്റെ സ്ഥാനം ഉറപ്പാണെന്നാണ്. പക്ഷേ ആദ്യം എനിക്ക് അതിനോട് എതിർപ്പായിരുന്നു. എനിക്ക് മിഡിൽ ഓർഡറിൽ നിൽക്കാനായിരുന്നു താത്പര്യം. പക്ഷേ അദ്ദേഹം വിശദീകരിച്ചു, ആർക്കെങ്കിലും പരിക്ക് പറ്റുന്നതുവരെ ഞാൻ കാത്തിരിക്കണമെന്ന്. പിന്നീട് അദ്ദേഹം നൽകിയ പ്രായോഗിക നിർദ്ദേശമാണ് എന്നെ വിശ്വാസത്തിലെടുത്തത്.

ഞാൻ നിനക്ക് മൂന്നോ നാലോ ഇന്നിങ്സുകൾ ഓപ്പണറായി ഇറങ്ങാൻ അവസരം നൽകാം. പരാജയപ്പെട്ടാലും നീ കളിക്കും. നിന്നെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനു മുൻപ് ഞാൻ നിനക്ക് മിഡിൽ ഓർഡറിൽ ഒരവസരം നൽകും. ഇതു ഞാൻ അംഗീകരിക്കുകയായിരുന്നു.

ഒരു കളിക്കാരനെ വിശ്വാസത്തിലെടുക്കുകയെന്നത് ക്യാപ്റ്റനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. ദാദ എന്നെ ഒരുപാട് പിന്തുണയ്ക്കുന്നുണ്ടെന്നു ഞാൻ വിചാരിച്ചു, അതുകൊണ്ട് ഞാൻ ശ്രമിച്ചു. ഞാനിന്ന് എന്താണോ അത് അദ്ദേഹം കാരണമാണ്.’- സെവാഗ് കുറിച്ചു.

Advertisement