ഹാമിൽട്ടൺ: സൂപ്പർ ഓവറിലേക്ക് കടന്ന ഇന്ത്യ‐ന്യൂസിലന്റ് മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്‌ക്ക് ആവേശകരമായ ജയം. നിശ്ചിത ഓവറില്‍ മത്സരം സമനിലയിലായതോടെയാണ് സൂപ്പര്‍ ഓവറില്‍ വിജയികളെ തീരുമാനിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലന്റ് ഉയർത്തിയ 18 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ അവസാന പന്തിൽ രോഹിത് ശർമ സിക്‌സറടിച്ച് വിജയിപ്പിക്കുകയായിരുന്നു.
അവസാന രണ്ട് പന്തുകളിൽ 10 റൺസ് വേണ്ടിയിരുന്ന ഇന്ത്യക്കായി രോഹിത് രണ്ടു സിക്‌സറുകൾ പറത്തി. ന്യൂസീലന്റിനായി കെയ്ന്‍ വില്ല്യംസണും മാര്‍ട്ടിന്‍ ഗപ്റ്റിലും സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങി. ജസ്പ്രീത് ബുംറ ആയിരുന്നു ബൗളര്‍. ഇരുവരും ചേര്‍ന്ന് ആറു പന്തില്‍ 17 റണ്‍സ് അടിച്ചു. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി. ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് പരമ്പരയില്‍ അവശേഷിക്കുന്നത്.
നേരത്തെ, അവസാന ഓവറില്‍ ഒമ്പത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടി. ഇതോടെ എട്ടു റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. തുടർന്നാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചതോടെയാണ് പരമ്പര ഇന്ത്യക്ക് സ്വന്തമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒമ്പത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 96-ന് മൂന്ന് എന്ന നിലയിലേക്ക് വീണു.