ഇന്ത്യൻ ടീമിൽ നിന്നും പുറത്തായതിന് പിന്നാലെ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ താരം മുരളി വിജയ്. കൗണ്ടി ക്ലബായ സോമർ സെറ്റിനായാണ് മുരളി വിജയ് കളിക്കുക. പാകിസ്ഥാൻ താരം അസർ അലിക്ക് പകരമാണ് വിജയ് എത്തിയത്.
അലി ദേശീയ ടീമിലേക്കുള്ള വിളി ലഭിച്ചതോടെയാണ് ഇംഗ്ലണ്ട് വിട്ടത്. വരുന്ന മൂന്ന് മത്സരങ്ങളിലാണ് മുരളി വിജയ് സോമർസെറ്റിന്റെ ജേഴ്‌സിയണിയുക.
പുതിയെ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും തന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ശ്രമിക്കുമെന്നും മുരളി വിജയ് വ്യക്തമാക്കി. കഴിഞ്ഞ കൗണ്ടി ചാംപ്യൻഷിപ്പിൽ എസക്‌സിന് വേണ്ടിയും വിജയ് കളിച്ചിരുന്നു. 64.60 ശരാശരിയിൽ 320 റൺസാണ് അന്ന് താരം നേടിയത്. ഈ സീസണിൽ അജിൻക്യ രഹാനെ, ആർ. അശ്വിൻ എന്നീ ഇന്ത്യൻ താരങ്ങളും കൗണ്ടിയിൽ കളിച്ചു.
നേരത്തെ വിൻഡീസ് പര്യടനത്തിനുളള ടീം ഇന്ത്യയിൽ നിന്നും മുരളി വിജയ് പുറത്താക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. ഇന്ത്യക്ക് വേണ്ടി 61 ടെസ്റ്റുകളിലാണ് വിജയ് കളിച്ചിട്ടുളളത്. 38.28 ശരാശരിയിൽ 3982 റൺസാണ് താരത്തിന്റെ സമ്പാദ്യം.