ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത്ത് ശർമ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയേയും ഭാര്യ അനുഷ്‌ക ശർമയേയും അൺഫോളോ ചെയ്തതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച വിഷയം. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം.
ഇപ്പോഴിതാ അനുഷ്‌കയേയും രോഹിത് അൺഫോളോ ചെയ്തിരിക്കുകയാണ്. ലോകകപ്പ് സെമിയിലെ തോൽവിയെ കുറിച്ച് കോലി പോസ്റ്റിട്ടതിനു പിന്നാലെയാണ് രോഹിത് കോലിയെ അൺഫോളോ ചെയ്തത്.
ലോകകപ്പ് തോൽവിക്കു പിന്നാലെ ഡ്രെസിങ് റൂമിൽ രണ്ടു സീനിയർ താരങ്ങൾ തമ്മിൽ അഭിപ്രായഭിന്നതയുണ്ടായതായി ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യങ്ങളെല്ലാം ടീം മാനേജ്മെന്റ് തള്ളിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളെ സംബന്ധിച്ച് രോഹിത്തോ കോലിയോ യാതൊരു പ്രതികരണവും നൽകിയിരുന്നില്ല.
നേരത്തെ ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റിപ്പോർട്ടുകളെ ശരിവെയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.