എംഎസ്‌കെ പ്രസാദ് റിഷഭ് പന്തിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു സഞ്ജു സാംസണെ അവഗണിച്ചതിനെതിരെ പൊട്ടിത്തെറിച്ച് സച്ചിന്റെ മകൻ

40

മലയാളി താരം സഞ്ജു വി സാംസണിനെ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കർ. തന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് അർജുൻ സഞ്ജു നേരിട്ട അപമാനത്തിനെതിരെ രംഗത്തെത്തിയത്.

ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദിനെ പേരെടുത്ത് പറഞ്ഞാണ് അർജുനിന്റെ വിമർശനം. റിഷഭ് പന്തിനെ വീണ്ടും ടീം ഇന്ത്യയിലേക്ക് പരിഗണിച്ചതിനേയും അർജുൻ ചോദ്യം ചെയ്യുന്നു. ഒരാളുടെ ആത്മവിശ്വാസത്തെ ഇങ്ങനെയാണ് ആക്രമിക്കുന്നത്. സഞ്ജു സാംസണിനോട് ചെയ്തത് പോലെ. എംഎസ്‌കെ പ്രസാദ് റിഷഭ് പന്തിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്ന് എനിക്കറിയില്ല.

Advertisements

മറ്റൊരാളിൽ വിശ്വസിക്കുക എന്നത് ആരുടെയെങ്കിലും കഴിവുകൾ അവഗണിക്കുന്നതിനുള്ള അവകാശമല്ല. സാംസൺ ടീമിൽ നിങ്ങളെ മിസ് ചെയ്യുന്നു’ എന്നായിരുന്നു അർജുന്റെ ട്വീറ്റ്. അതെസമയം ഈ അകൗണ്ട് അർജുനിന്റെ ഔദ്യോഗിക അകൗണ്ടാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.

ഏതായാലും നിരവധി ആരാധകരാണ് ഈ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു വെസ്റ്റിൻഡീസ് പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പരമ്പരയിൽ ടീമിലുണ്ടായിട്ടും കളിക്കാൻ അവസരം ലഭിക്കാത്ത സഞ്ജുവിനെ വിൻഡീസ് പരമ്പരയിൽ ഉൾപ്പെടുത്തുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയിരുന്നത്.

എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു പുറത്തായി. ഇതോടെ സഞ്ജുവിന്റെ ആരാധകർ പ്രതിഷേധത്തിലാണ്. സഞ്ജുവിനോട് നിരവധി ആരാധകർ ഇന്ത്യ വിടാൻ ആവശ്യപ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലോ ഇംഗ്ലണ്ടിലേക്കോ താമസം മാറി അവരുടെ ദേശീയ ടീമിനായി കളിക്കണമെന്നും സഞ്ജുവിന്റെ പ്രതിഭ എത്രത്തോളമെന്ന് മേലാളന്മാരെ കാണിച്ച് കൊടുക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.

സഞ്ജുവിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് മലയാളികൾ കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വിൻഡീസ് രണ്ടാം ടി20 മത്സരം ബഹിഷ്‌കരിക്കണമെന്നും ചിലർ ആഹ്വാനം ചെയ്യുന്നു. സഞ്ജുവിനെ പല സമയങ്ങളിലായി അവഗണിച്ച ധോണിയ്ക്കും കോഹ്ലിയ്ക്കും രോഹിത്തിനുമെതിരെയെല്ലാം ആരാധക രോഷം ഉയരുന്നുണ്ട്.

സഞ്ജുവിനെ ഒഴിവാക്കുകയും മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ടീമിൽ നിലനിർത്തുകയും ചെയ്ത സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ടീമിലെത്തിയ സഞ്ജുവിന് ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

Advertisement