ഐപിഎൽ താരലേലം; ആർക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയിൽ ഇർഫാൻ പത്താന് പിന്നാലെ യൂസഫ് പത്താനും

38

ഐപിഎൽ താരലേലത്തിൽ ആർക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയിൽ മുൻ ഇന്ത്യൻ താരം യൂസഫ് പത്താനും. ഒരു കോടി രൂപയായിരുന്നു യൂസഫ് പത്താന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. നേരത്തെ സൺറൈസസ് ഹൈദരാബാദ് റിലീസ് ചെയ്തതിനെ തുടർന്നാണ് പത്താൻ താരലേലത്തിൽ അണിനിരന്നത്.

കഴിഞ്ഞ ഐപിഎൽ സീസണിലെ മോശം പ്രകടനമാണ് യൂസഫ് പത്താന് തിരിച്ചടിയായത്. ഹൈദരാബാദിനായി 10 മത്സരങ്ങൾ കളിച്ച യൂസഫിന് 13.33 ശരാശരിയിൽ 40 റൺസ് മാത്രമാണ് കണ്ടെത്താനായത്. പുറത്താകാതെ നേടിയ 16 റൺസായിരുന്നു ഉയർന്ന സ്‌കോർ. മാത്രമല്ല ഒരോവർ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

Advertisements

അതെസമയം ഐപിഎൽ 2018ൽ ഹൈദരാബാദ് റണ്ണേഴ്സ് അപ്പായ ഐപിഎല്ലിൽ തരക്കേടില്ലാത്ത പ്രകടനം പത്താൻ പുറത്തെടുത്തിരുന്നു. 15 മത്സരങ്ങളിൽ നിന്ന് അന്ന് 29 ശരാശരിയിൽ 260 റൺസാണ് യൂസഫ് പത്താൻ നേടിയിരുന്നത്. ഇന്ത്യയ്ക്കായി 57 ഏകദിനവും 22 ടി20യും കളിച്ചിട്ടുളള യൂസഫ് പത്താൻ 174 ഐപിഎൽ മത്സരങ്ങളിലും ജെഴ്സി അണിഞ്ഞിട്ടുണ്ട്. 29.13 ആണ് യൂസഫിന്റെ ഐപിഎൽ ബാറ്റിംഗ് ശരാശരി.

ഇതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പത്താൻ യുഗത്തിനാണ് ഏതാണ്ട് ഇപ്പോൾ തിരശ്ശീല വീഴുന്നത്. നേരത്തെ യൂസഫ് പത്താന്റെ സഹോദരൻ ഇർഫാൻ പത്താനും ഐപിഎല്ലിൽ നിന്നും പുറത്തായിരുന്നു. ഇന്ത്യയ്ക്കായി മുന്നൂറിലധികം വിക്കറ്റ് സ്വന്തമാക്കിയിട്ടുളള താരമാണ് ഇർഫാൻ പത്താൻ. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിലായി ഇർഫാൻ പത്താനെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചസികളും തയ്യാറായിട്ടില്ല.

Advertisement