എബി ഡിവില്ലേഴ്സും കോഹ്ലിയും വിചാരിച്ചാൽ മാത്രം ആർസിബിക്കു കിരീടം കിട്ടില്ല, തുറന്നടിച്ച് മൊയീൻ അലി

15

കഴിഞ്ഞ സീസണുകളിലെ ഐപിഎല്ലിൽ ബംഗളൂരുവിന് സംഭവിച്ച ദുരന്തം ഇത്തവണയും ആവർത്തിക്കരുതെന്ന് ആർസിബി താരവും ഇംഗ്ലണ്ട് ഓൾറൗണ്ടറുമായ മോയിൻ അലി. എബി ഡിവില്ലേഴ്സിനേയും വിരാട് കോഹ്ലിയേയും മാത്രം അമിതമായി ആശ്രയിക്കുന്നതാണ് ബംഗളൂരു നേരിടുന്ന ദുരന്തമെന്നും മൊയീൻ അലി തുറന്നടിച്ചു. അടുത്ത സീസണിലെ ഐപിഎല്ലിലേക്ക് ബംഗളൂരു നിലനിർത്തിയ രണ്ടു വിദേശ താരങ്ങളിലൊരാൾ കൂടിയാണ് അലി.

ഐപിഎൽ പുതിയ സീസണിൽ മികച്ച തുടക്കം ലഭിച്ചാൽ മാത്രമേ ആർസിബിക്കു കിരീടം നേടാൻ കഴിയുകയുള്ളൂവെന്ന് ഇപ്പോൾ അബുദാബിയിൽ നടന്നു കൊണ്ടിരിക്കുന്ന ടി10 ലീഗിൽ കളിക്കുന്ന അലി ചൂണ്ടിക്കാട്ടി.
എല്ലാ സീസണിലും ആർസിബി പതിയെയാണ് തുടങ്ങാറുള്ളത്. അടുത്ത തവണയും ഇതാവർത്തിക്കരുത്. കൂടുതൽ ചങ്കൂറ്റത്തോടെ ആർസിബി കളിച്ചേ തീരൂ. പ്രത്യേകിച്ചും ഹോംഗ്രൗണ്ടിൽ. കാരണം ബെംഗളൂരുവിലെ വിക്കറ്റ് മികച്ചതാണ്.

Advertisements

ഇവിടെ ബൗണ്ടറിക്കു വലിപ്പം കുറവായതിനാൽ ബൗളർമാരെ സംബന്ധിച്ച് വെല്ലുവിളിയാണ്’ അലി പറഞ്ഞു. എല്ലാ മൽസരങ്ങളിലും കോഹ്ലിയും എബിഡിയും ചേർന്ന് തങ്ങളെ ജയിപ്പിക്കുമെന്ന് ബംഗളൂരു പ്രതീക്ഷിക്കരുതെന്നും ഇവർ മാത്രം തിളങ്ങിയതു കൊണ്ട് ടീമിന് വിജയിക്കാൻ സാധിക്കില്ലെന്നും അലി തുറന്നടിച്ചു.

താനുൾപ്പെടെ ബാറ്റ് ചെയ്യാൻ ക്രീസിലെത്തുന്ന ഓരോ താരവും തങ്ങളുടെ കഴിവ് പുറത്തെടുക്കണം. എങ്കിൽ മാത്രമേ ആർസിബിക്കു മുന്നേറാൻ കഴിയുകയുള്ളൂവെന്നും അലി കൂട്ടിചേർത്തു. എപിഎല്ലിൽ ഇതുവരെ കിരീടമുയർത്താൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. അടുത്ത സീസണിലെങ്കിലും ബംഗളൂരു കിരീടം സ്വന്തമാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. പുതിയ സീസണിലേക്കുള്ള താരലേലത്തിനു മുന്നോടിയായി 12 കളിക്കാരെയാണ് ആർസിബി ഒഴിവാക്കിയിരിക്കുന്നത്.

Advertisement