മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിലെ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് റെക്കോർഡ്. അർധ സെഞ്ചുറിയോടെ കോലി അന്താരാഷ്ട്ര ടി20 റൺവേട്ടയിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെ മറികടന്നു. തന്റെ റൺ സമ്പാദ്യം കോഹ്‌ലി 2441ലെത്തിച്ചപ്പോൾ ഹിറ്റ്മാന് 2434 റൺസാണുള്ളത്. ഇതോടെ ടി20 റൺവേട്ടയിൽ കോലി- രോഹിത് പോര് മുറുകി.
ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്(2283), പാക്കിസ്ഥാൻ താരം ഷൊയൈബ് മാലിക്ക്(2263), കിവീസ് മുൻ നായകൻ ബ്രണ്ടൻ മക്കല്ലം(2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
മൊഹാലിയിൽ 52 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 72 റൺസുമായി കോഹ്‌ലി മത്സരത്തിലെ താരമാവുകയായിരുന്നു. കോഹ്‌ലി വെടിക്കെട്ടും ശിഖർ ധവാൻറെ പ്രകടനവും ചേർന്നതോടെ മത്സരം ഏഴ് വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റൺസ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനിൽക്കേ ഇന്ത്യ നേടി. സ്‌കോർ: ദക്ഷിണാഫ്രിക്ക-149-5 (20), ഇന്ത്യ- 151-3 (19). ജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.