ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെയാണ് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ് ലി സൂപ്പർ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ പോര് വാർത്തകളിൽ നിറഞ്ഞത്. അങ്ങനെയൊന്നില്ല എന്ന് കോഹ് ലി പറയുമ്പോൾ പോലും കാര്യങ്ങൾ അത്ര സുഖകരമല്ല എന്ന് വ്യക്തമാണ്.
ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം തനിക്ക് നേരിടേണ്ടി വന്നുവെന്നാണ് രവി ശാസ്ത്രി പറയുന്നത്. കോഹ് ലി രോഹിത് പോര് എന്നത് സത്യമായിരുന്നു എങ്കിൽ എങ്ങനെ അതിനെ നേരിടും എന്നായിരുന്നു ചോദ്യം.
എന്നാൽ, അവർ തമ്മിൽ ഭിന്നതയൊന്നുമില്ലെന്ന് ഞാൻ ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗങ്ങൾക്ക് മുൻപാകെ പറഞ്ഞു. എന്ത് ഉത്തരമാണ് ആ ചോദ്യത്തിന് നൽകേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാൻ പറഞ്ഞു അങ്ങനെയൊന്ന് ഉണ്ടായാൽ അതിനെ വളരാൻ ഞാൻ അനുവദിക്കുകയില്ല.
അവിടെ ഞാൻ ബിസിസിഐയുടെ സഹായം തേടും. കാരണം, സന്തോഷമുള്ള ഡ്രസിങ് റൂം ആണ് എനിക്ക് ആവശ്യമെന്ന്’ ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റിക്ക് മറുപടി നൽകിയതായി രവി ശാസ്ത്രി പറയുന്നു. മൈക്ക് ഹെസൻ, ടോം മൂഡി എന്നിവരെ പിന്തള്ളിയാണ് ശാസ്ത്രി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.