വിൻഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വസത്തിൽ ഏകദിന പരമ്പരയിൽ അവരെ നേരിടാനിറങ്ങുന്ന ടീം ഇന്ത്യ കൂടുതൽ കരുത്തുമായാണ് കളത്തിലിറങ്ങുക. ടി20 യിൽ കളിച്ച യുവതാരങ്ങൾക്ക് പകരം ഇന്ത്യയുടെ മികച്ച ടീമിനെ തന്നെ ഗയാനയിൽ അണിനിരത്തും.
ഓപ്പണർമാരായി ശിഖർ ധവാനും-രോഹിത്ത് ശർമ്മയുമാണ് ഇറങ്ങുക. മൂന്നാം നമ്പറിൽ പതിവ് പോലെ കോഹ്ലി കളിയ്ക്കും. ശിഖർ ധവാൻ ഓപ്പണറായി തിരിച്ചെത്തുന്നതോടെ കെ എൽ രാഹുൽ നാലാം സ്ഥാനത്തേക്ക് മാറും.
അഞ്ചാം സ്ഥാനത്തേക്ക് ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവർ തമ്മിലാണ് മൽസരം. ട്വന്റിയിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന ശ്രേയസ്സിന് ഇത്തവണ അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരും. രവീന്ദ്ര ജഡേജ ഓൾറൗണ്ടറായി ടീമിലുണ്ടാകും.
ബൗളിങ്ങിൽ ഭുവനേശ്വറിന് വിശ്രമം നൽകിയാൽ മുഹമ്മദ് ഷമി നേതൃത്വം ഏറ്റെടുക്കും. നവ്ദീപ് സെയ്നി, ഖലീൽ അഹമ്മദ്, ദീപക് ചഹാർ എന്നിവരും അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ട്വന്റി 20-യിൽ ഗംഭീര അരങ്ങേറ്റം കുറിച്ച നവ്ദീപ് സെയ്‌നി ഇന്ന് ആദ്യ ഏകദിനം കളിച്ചേക്കും. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും യൂസ് വേന്ദ്ര ചഹലും തമ്മിൽ മൽസരിക്കുന്നു.
ഇന്ത്യ സാധ്യത ടീം: ശിഖർ ധവാൻ, രോഹിത്ത് ശർമ്മ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, രവീന്ദ്രജഡേജ, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമ്മി, നവ് ദീപ് സെയ്നി, ഭുവനേശ്വർ കുമാർ
അതേ സമയം വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം മുടങ്ങാൻ സാദ്ധ്യത മത്സരം നടക്കുന്ന ഗയാനയിൽ കുടത്ത മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനമാണ് ക്രിക്കറ്റ് ലോകത്തിന് ആശങ്ക സൃഷ്ടിക്കുന്നത്. കാലാവസ്ഥ പ്രവചനപ്രകാരം മഴ പെയ്താൽ മത്സരം ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടാകില്ല.
ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടാനൊരുങ്ങുന്നത്. ടി20യിൽ യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് മത്സരവും അനായാസം വിജയിക്കുകയായിരുന്നു.
അതെസമയം ടി20-യിൽ നിന്നും വ്യത്യസ്തമായി കൂടുതൽ കരുത്തോടെയാണ് വെസ്റ്റിൻഡീസ് ഇന്ത്യയെ നേരിടാനെത്തുന്നത്. ജേസൺ ഹോൾഡറാണ് വിൻഡീസിനെ നയിക്കുന്നത്. ഓപ്പണിംഗിൽ ക്രിസ് ഗെയിൽ തിരിച്ചെത്തിയേക്കും. ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ കരിയർ അവസാനിപ്പിക്കുമെന്ന് ഗെയിൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ രണ്ടും കൽപിച്ചാണ് ഗെയിൽ ഈ മത്സരത്തിനിറങ്ങുക.
സഹഓപ്പണറായി എവിൻ ലൂയിസ്, യുവതാരം ജോൺ കാംപ്ബെൽ എന്നിവർ തമ്മിലാണ് പോരാട്ടം. റോസ്റ്റൺ ചേസായിരിക്കും ടീമിലെ ഏക സ്പിന്നർ.