ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവം ആണ് ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കർ. ഇപ്പോഴിതാ ഓസ്ട്രേലിയയുടെ പുതിയ സൂപ്പർ താരം മാർനസ് ലബുഷെയ്നെ പ്രശംസ കൊണ്ട് മൂടി സച്ചിൻ തെണ്ടുൽക്കർ. ലബുഷെയ്ന്റെ ബാറ്റിംഗ് രീതി തന്റെ ശൈലി ഓർമ്മപ്പെടുത്തുന്നതാണെന്ന് സച്ചിൻ തെണ്ടുൽക്കർ പറയുന്നു.
‘മാർനസ് ലബുഷെയ്‌നിന്റെ പാദചലനങ്ങൾ അവിശ്വനീയമാണ്. അത് എന്നെ ഓർമ്മപ്പെടുത്തുന്നുവെന്ന് ഞാൻ പറയും. അവനിൽ എന്തോ ചില പ്രത്യേകതകൾ ഉണ്ട്.’ സച്ചിൻ തെണ്ടുൽക്കർ അഭിപ്രായപ്പെട്ടു.
സച്ചിന്റെ വാക്കുകൾ ഏറെ വൈറലായി മാറിയിരിക്കുകയാണ്. ഐസിസി അടക്കം സച്ചിന്റെ ഈ അഭിപ്രായം ട്വീറ്റ് ചെയ്തിട്ടുണ്ട്.
അപ്രതീക്ഷിതമായി ഓസ്‌ട്രേലിയയുടെ ടീമിലെത്തിയ താരമാണ് മാർനസ് ലബുഷെയ്ൻ. മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന് പരിക്കേറ്റപ്പോൾ, കൺകറന്റ് സബ്സ്റ്റിറ്റിയൂഷൻ പ്രകാരം ടീമിലെത്തിയ ലബുഷെയ്ൻ കിട്ടിയ അവസരം മുതലാക്കുകയായിരുന്നു.
ടെസ്റ്റിൽ 14 മൽസരങ്ങളിലെ 23 ഇന്നിംഗ്‌സുകളിലായി 1459 റൺസാണ് ലബുഷെയ്ൻ അടിച്ചുകൂട്ടിയത്. ഇതിൽ നാലു സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും എട്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 56.53 സ്‌ട്രൈക്ക് റേറ്റാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച് ഓസീസിന് വേണ്ടി കളിക്കുന്ന ലബുഷെയ്‌നിന്റേത്.
215 റൺസാണ് താരത്തിന്റെ ടെസ്റ്റിലെ ഉയർന്ന സ്‌കോർ. ഏകദിനത്തിലാകട്ടെ മൂന്ന് മൽസരത്തിലെ രണ്ട് ഇന്നിംഗ്‌സുകളിലായി 100 റൺസ് നേടി. 54 റൺസാണ് ഉയർന്ന സ്‌കോർ. ടെസ്റ്റിൽ 12 വിക്കറ്റുകളും ലബുഷെയ്ൻ നേടിയിട്ടുണ്ട്.