കൊൽക്കത്ത: കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ മുഖ്യ റോൾ വഹിക്കാൻ മുൻ ഇന്ത്യൻ നായകൻ ധോണിയും. കളിക്കാരനായല്ല കമന്ററി ബോക്സിലാണ് ധോണി ചരിത്ര ടെസ്റ്റിന് സാക്ഷിയാകാനെത്തുക. മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ധോണി അടക്കമുളള ഇന്ത്യയുടെ മുൻ ടെസ്റ്റ് നായകൻമാരെ ഗസ്റ്റ് കമന്റേറ്റർമാരായി എത്തിക്കുന്നത്. ടെസ്റ്റ് തുടങ്ങുന്ന ഈ മാസം 22-ന് ആദ്യ ദിവസം ധോണിയെ കമന്ററി ബോക്സിൽ കാണാം.
ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം ഇന്ത്യയുടെ മുൻ നായകൻമാരെയെല്ലാം ഇത്തരത്തിൽ കൊൽക്കത്തയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെ കുറിച്ച് മുൻതാരങ്ങൾ കമന്ററി ബോക്സിലിരുന്ന് സംസാരിക്കും. ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യൻ താരങ്ങൾക്കൊപ്പം മുൻ ക്യാപ്റ്റൻമാരും ദേശീയഗാനം പാടാൻ ഗ്രൗണ്ടിലിറങ്ങും. ലോക കപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഇതാദ്യമായാണ് കമന്ററി ബോക്സിൽ കളി പറയാനെത്തുന്നത്.
ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ച് ബ്രേക്ക് സമയത്ത് ഇന്ത്യയുടെ ഐതിഹാസികമായ കൊൽക്കത്ത ടെസ്റ്റ് വിജയത്തെ കുറിച്ച് ടീം അംഗങ്ങളായിരുന്ന വിവിഎസ് ലക്ഷ്മ്ൺ, സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് എന്നിവർ ഓർമ്മകൾ പങ്കുവെയ്ക്കുന്നത് സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.