രണ്ടാം ടി20 യിലും വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ വിജയിച്ചതോടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സർപ്രൈസ് താരം. ക്രുനാൽ പാണ്ഡ്യയാണ് മത്സരത്തിൽ മാൻ ഓഫ്ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ബാറ്റിംഗിലും ബൗളിംഗിലും മികവ് പ്രകടിപ്പിച്ചതാണ് ക്രുനാലിനെ തേടി മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിക്കാൻ കാരണം. 3.3 ഓവർ എറിഞ്ഞ ക്രുനാൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.
വിൻഡീസിന് നഷ്ടമായ നാല് വിക്കറ്റിൽ പകുതിയും ക്രുനാൽ ഇതോടെ സ്വന്തമാക്കിയത്. മാത്രമല്ല ബാറ്റിംഗിൽ 13 പന്തിൽ രണ്ട് സിക്സ് അടക്കം പുറത്താകാതെ 20 റൺസും ക്രുനാൽ നേടിയിരുന്നു. ഇന്ത്യൻ സ്‌കോർ അവസാന ഘട്ടത്തിൽ ഉയർന്നത് ക്രുനലിന്റെ വമ്പനടികളായിരുന്നു.
എന്നാൽ ഒരു വിഭാഗം ആരാധകർക്ക് ഇത് അമ്പരപ്പിക്കുന്ന തീരുമാനമായി. മൂന്ന് ഓവറിൽ ഒരു മെയ്ഡിൽ അടക്കം 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറിനേയും രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിനേയും മാൻ ഓഫ് ദ മാച്ച് സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ല.
ബാറ്റിംഗിൽ രോഹിത്ത് ശർമ്മ അർധ സെഞ്ച്വറിയും നേടിയിരുന്നു. 51 പന്തുകളിൽ നിന്നാണ് രോഹിത്ത് ആറ് ഫോറും മൂന്ന് സിക്സും സഹിതം 67 റൺസെടുത്തത്. മത്സരത്തിൽ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 22 റൺസിനാണ് ഇന്ത്യയുടെ വിജയം. 168 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. വിൻഡീസ് 15.3 ഓവറിൽ നാല് വിക്കറ്റിന് 98 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ മഴയെത്തുകയായിരുന്നു.