അരങ്ങേറ്റത്തിൽ മിന്നലായി നവ്ദീപ് സൈനി പന്തെറിഞ്ഞത് റെക്കോർഡ് ബുക്കിലേക്ക്

45

വെസ്റ്റ് ഇൻഡീസിന്റെ മൂന്ന് വിക്കറ്റ് പിഴുത് ടി20 അരങ്ങേറ്റം ഗംഭീരമാക്കിയ ഇന്ത്യൻ പേസർ നവ്ദീപ് സൈനി കുറിച്ചത് ചരിത്രം. ടി20 അരങ്ങേറ്റത്തിൽ ഇന്നിംഗ്സിലെ 20ാം ഓവർ വിക്കറ്റ് മെയ്ഡനാക്കിയ രണ്ടാമത്തെ മാത്രം ബൗളറായി സൈനി.

Advertisements

സിംഗപ്പൂരിന്റെ ജനക് പ്രകാശാണ് ടി20 അരങ്ങേറ്റത്തിൽ അവസാന ഓവർ വിക്കറ്റ് മെയ്ഡനാക്കിയ ആദ്യ താരം. അരങ്ങേറ്റത്തിലെ രണ്ടാം പന്തിൽ സിക്സർ വഴങ്ങിയ സൈനി ഇതേ ഓവറിൽ നിക്കോളാസ് പൂരാനെയും ഷിമ്രോൺ ഹെറ്റ്മയറെയും പുറത്താക്കി.

വിൻഡീസിനായി ഒറ്റയാൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച കീറോൺ പൊള്ളാർഡിനെ(49 റൺസ്) അവസാന ഓവറിൽ പുറത്താക്കി സൈനി മൂന്ന് വിക്കറ്റ് തികച്ചു. അവസാന ഓവറിൽ റൺവഴങ്ങാതിരുന്നപ്പോൾ നാല് ഓവറിൽ ആകെ വിട്ടുകൊടുത്തത് 17 റൺസ്.

സൈനി കൊടുങ്കാറ്റായപ്പോൾ ആദ്യ ടി20യിൽ ഇന്ത്യ നാല് വിക്കറ്റിൻറെ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 95 റൺസാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 17.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. 24 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സൈനിയാണ് കളിയിലെ താരം.

Advertisement