ശിഖർ ധവാന് പകരം സഞ്ജു വി സാംസൺ ഓപ്പണറാകും: പന്തിന്റെ കാര്യം ത്രിശങ്കുവിൽ

24

വരാൻപോകുന്ന വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ഓപ്പണിംഗ് സ്ഥാനത്തേയ്്ക്ക് മലയാളി താരം സഞ്ജു വി സാംസണിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതിനാൽ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് സഞ്ജുവിനെ പരീക്ഷിക്കാനായേക്കുമെന്നാണ് ടീം മാനേജുമെന്റ് വിലയിരുത്തുന്നത്.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചാൽ റിഷഭ് പന്തിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഓപ്പണറായി സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ പിന്നീട് പന്തിന് പകരം ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിച്ചേയ്ക്കും.

Advertisements

അതെസമയം സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവിന്റെ പരിശീലകൻ ബിജു ജോർജ് അടക്കമുളളവർ ഇക്കാര്യം പരസ്യമായി ഉന്നയിച്ച് കഴിഞ്ഞു. ആത്മവിശ്വാസവും, ആധിപത്യം സ്ഥാപിക്കാൻ സാധിക്കുന്നതുമാണ് സഞ്ജുവിന്റെ പ്ലസ് പോയിന്റ്.

രഞ്ജി ട്രോഫിയിൽ ഒരിക്കൽ സഞ്ജു പുറത്തായ വിധവും, തൊട്ടടുത്ത ഇന്നിങ്‌സിൽ അതിജീവിച്ച വിധവും ബിജു ജോർജ് ചൂണ്ടിക്കാണിക്കുന്നു. ആദ്യ ഇന്നിങ്‌സിൽ ഷോർട്ട് ബിച്ച് ഡെലിവറിയിൽ എഡ്ജ് ആയി സഞ്ജു പുറത്തായി. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ സമാനമായ ഡെലിവറി സഞ്ജു ബൗണ്ടറി കടത്തി, മോശം വിക്കറ്റായിട്ടും 70 റൺസ് നേടി.

പെട്ടെന്ന് കാര്യങ്ങൾ പഠിക്കാനും, അതിനോട് ഇണങ്ങാനും സഞ്ജുവിന് സാധിക്കും എന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും ബിജു ജോർജ് പറഞ്ഞു. ഡിസംബർ ആറിന് ഹൈദരാബാദിലാണ് വിൻഡിസിനെതിരായ ആദ്യ ട്വന്റി20. രണ്ടാമത്തെ ട്വന്റി20 തിരുവനന്തപുരത്തും, മൂന്നാമത്തേക് മുംബൈയിലും നടക്കും.

പിന്നാലെ മൂന്ന് ഏകദിനങ്ങളും വിൻഡിസ് ഇന്ത്യയിൽ കളിക്കും. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി ഒരു കളി മാത്രമാണ് സഞ്ജു കളിച്ചത്. രഹാനെയ്ക്ക് കീഴിൽ സിംബാബ് വേയ്‌ക്കെതിരെയായിരുന്നു അത്. അന്ന് 19 റൺസ് നേടി സഞ്ജു പുറത്തായി.

Advertisement