സൂപ്പർ ഫുഡ്ബാൾ താരം ലയണൽ മെസ്സിക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ മൂന്ന് മാസത്തേക്ക് വിലക്ക്. കോപ്പ അമേരിക്കയിൽ ബ്രസീലിനെ ജേതാക്കളാക്കാൻ ലാറ്റിനമേരിക്കൻ ഫുട്ബോൾ സംഘടനയായ കോൺമബോളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിനാണ് അർജന്റീന നായകൻ ലയണൽ മെസ്സിയെഅന്താരാഷ്ട്ര മത്സരങ്ങളിൽ മൂന്ന് മാസത്തേക്ക് വിലക്കിയത്.
50,000 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. ചിലിക്കെതിരായ ലൂസേഴ്സ് ഫൈനലിൽ ചുവപ്പു കാർഡ് കാണേണ്ടിവന്ന മെസ്സി കടുത്ത ഭാഷയിലാണ് കോൺമബോളിനെ വിമർശിച്ചത്. പ്രതിഷേധസൂചനകമായി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ വിസമ്മതിച്ച മെസ്സി കോൺമബോൾ ആതിഥേയരായ ബ്രസീലിനുവേണ്ടി കള്ളക്കളി കളിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
ഫെഡറേഷന്റെ അഴിമതിയാണ് കോപ്പ അമേരിക്കയിൽ കണ്ടതെന്നും മെസ്സി മത്സരശേഷം മിക്സഡ് സോണിൽ വച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ പ്രസ്താവനയിൽ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. ശിക്ഷാ നടപടിയ്ക്കെതിരെ അപ്പീൽ നൽകാൻ മെസ്സിയ്ക്കും അർജന്റീന ഫുട്ബോൾ അസോസിയേഷനും കോൺമാബോൾ ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
സെപ്റ്റംബറിൽ അർജന്റീനയ്ക്ക് ചിലിയുമായും മെക്സിക്കോയുമായും സൗഹൃദ മത്സരങ്ങളുണ്ട്. ഇത് കഴിഞ്ഞ് ഒക്ടോബറിൽ ജർമ്മനിയ്ക്കെതിരായ മത്സരവും മെസ്സിയ്ക്ക് നഷ്ടമാവും. നവംബർ 3നാണ് വിലക്ക് അവസാനിക്കുക.