ഇത്തവണത്തെ ലോകകപ്പിൽ സെമിയിൽ ഏറ്റ പരാജയത്തിന് ശേഷം ജയത്തുടക്കമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വിൻഡീസിന് എതിരെ ആദ്യ ടി20യിൽ ലക്ഷ്യമിടുന്നത്. രാത്രി എട്ടിന് ഫ്‌ലോറിഡയിലാണ് മത്സരം. ഇന്ത്യക്കായി സ്പിന്നർ രാഹുൽ ചഹറും പേസർ നവദീപ് സെയ്‌നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.
രോഹിത്തിനൊപ്പം ധവാൻ ഓപ്പണറായി തിരിച്ചെത്തുമ്പോൾ പിന്നാലെ കോലിയും കെ എൽ രാഹുലും ബാറ്റേന്തും. അഞ്ചാം സ്ഥാനത്ത് മനീഷ് പാണ്ഡേയെ മറികടന്ന് ശ്രേയസ് അയ്യരെത്തിയേക്കും. വിക്കറ്റിന് പിന്നിൽ ധോണിയുടെ പകരക്കാരനായ ഋഷഭ് പന്തിന് മികവ് തെളിയിക്കാനുള്ള അവസരമാണിത്.
രവീന്ദ്ര ജഡേജയും രാഹുൽ ചഹറും സ്പിന്നർമാരായി ഇടംപിടിക്കുമ്പോൾ പേസർമാരായി ഭുവിയും സെയ്നിയും ഖലീൽ അഹമ്മദും എത്തിയേക്കും. അതേസമയം ടി20യിൽ വിൻഡീസിനെ എഴുതിത്തള്ളാനാവില്ല. എവിൻ ലൂയിസ്, ഷിമ്രോൺ ഹെറ്റ്‌മെയർ, കീറോൺ പൊള്ളാർഡ്, കാർലോസ് ബ്രാത്ത്‌വെയ്റ്റ് തുടങ്ങിയ കൂറ്റനടിക്കാർ വിൻഡീസ് ടീമിലുണ്ട്. എന്നാൽ ആന്ദ്രേ റസൽ പരുക്കേറ്റ് പിൻമാറിയത് വിൻഡീസിന് തിരിച്ചടിയാവും.
ഇന്ത്യൻ ടിം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെഎൽ രേഹുൽ, ശ്രേയസ് ഐയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, നവദീപ് സൈനി, രാഹുൽ ചാഹർ, ഖലീൽ അഹമ്മദ്.