ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമ്മയും തമ്മിൽ അത്ര രസത്തിലല്ലെന്ന അടക്കം പറച്ചിലുകൾ കേൾക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. ഇപ്പോൾ ഇൻഡീസിന് എതിരായ ടി20 പരമ്പരയ്ക്കായി അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.
വിരാട് കോഹ്ലി ഇപ്പോൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സഹതാരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രം ഏറ്റു പിടിച്ചിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ രോഹിത്ത് ഇല്ലാത്തത് ആരാധകരുടെ ശ്രദ്ധയിൽ പെട്ടു. സ്‌ക്വാഡ് എന്ന തലക്കെട്ടിലുള്ള ചിത്രത്തിൽ കോലിക്കൊപ്പം രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, ഖലീൽ അഹമ്മദ്, ശ്രേയാസ് അയ്യർ, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കെ എൽ രാഹുൽ എന്നിവരാണുള്ളത്.
രോഹിത് ശർമ്മ എവിടെയെന്ന് കോലിയുടെ ചിത്രത്തിന് താഴെ ചോദിക്കുകയാണ് ആരാധകർ.
ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായതിന് പിന്നാലെയാണ് രോഹിത്തും കോലിയും രണ്ട് തട്ടിലാണെന്ന വാർത്തകൾ പ്രചരിച്ചത്.
ഇതിനിടെ രോഹിത് ഇൻസ്റ്റഗ്രാമിൽ കോലിയെയും ഭാര്യ അനുഷ്‌ക ശർമയെയും പിന്തുടരുന്നത് നിർത്തിയത് വീണ്ടും അഭ്യൂഹങ്ങൾക്ക് കാരണമായി.എന്നാൽ രോഹിത്തുമായി തർക്കമുണ്ടെന്ന വാർത്തകൾ വിൻഡീസിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ കോലി നിഷേധിച്ചു.
ഇന്ത്യൻ ടീം അമേരിക്കയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ട്വീറ്റിലൂടെ നിലപാട് അറിയിച്ച് രോഹിതും രംഗത്തെത്തി. ഞാനിറങ്ങുന്നത് എന്റെ ടീമിനായി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടികൂടിയാണെന്നാണ് രോഹിത് ട്വീറ്റ് ചെയ്തത്.
SQUAD 👊💯 pic.twitter.com/2uBjgiPjIa
— Virat Kohli (@imVkohli) 2 August 2019