വിരാട് കോഹ്ലി കുറ്റം സമ്മതിച്ചു, ടീം ഇന്ത്യയ്ക്ക് കനത്ത പിഴ വിധിച്ച് ഐസിസി

22

നാലാം ട്വന്റി20യിൽ ന്യൂസിലൻഡിനെതിരെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടീം ഇന്ത്യയ്ക്ക് ശിക്ഷ വിധിച്ച് ഐസിസി. മാച്ച് ഫീസിന്റെ 40 ശതമാനമാണ് ഇന്ത്യൻ ടീമിന് പിഴ വിധിച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറുകൾ എറിഞ്ഞുതീർക്കാൻ വൈകിയതായി അംപയർമാർ ഐസിസിക്കു റിപ്പോർട്ട് നൽകിയിരുന്നു.

20 ഓവർ എറിഞ്ഞുതീർക്കേണ്ട സമയത്ത് ഇന്ത്യ പൂർത്തിയാക്കിയത് 18 ഓവറുകൾ മാത്രം. ഓൺ ഫീൽഡ് അംപയർമാരായ ക്രിസ് ബ്രൗൺ, ഷോൺ ഹെയ്ഗ്, തേഡ് അംപയർ ആഷ്‌ലി മെഹ്റോത്ര എന്നിവരാണ് ടീമിനുമേൽ കുറ്റം ചാർത്തിയത്. മാച്ച് റഫറി ക്രിസ് ബ്രോഡ് ഇത് അംഗീകരിച്ചു. ഓവർ നിരക്കിന്റെ കാര്യത്തിൽ സംഭവിച്ച പിഴവ് ക്യാപ്റ്റൻ വിരാട് കോഹ്ലി അംഗീകരിച്ചതോടെ ഔദ്യോഗിക വാദം കേൾക്കൽ കൂടാതെ തന്നെ ഇന്ത്യൻ താരങ്ങൾക്കു മേൽ മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തുകയായിരുന്നു.

Advertisements

ഐസിസിയുടെ നിയമമനുസരിച്ച് കുറഞ്ഞ ഓവർനിരക്കിന് ഒരു ഓവറിന് മാച്ച് ഫീയുടെ 20 ശതമാനം എന്ന നിലയിലാണ് പിഴ. ഇന്ത്യ രണ്ട് ഓവർ പിന്നിലായിരുന്നതിനാൽ മാച്ച് ഫീയുടെ 40 ശതമാനം പിഴയായി ഒടുക്കേണ്ടിവന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണെടുത്തത്.

ന്യൂസീലൻഡിന്റെ മറുപടി ബാറ്റിങ്ങും 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 165 റൺസിൽ അവസാനിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർ ഓവറിൽ ന്യൂസീലൻഡ് ഉയർത്തിയ 14 റൺസ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയും ചെയ്തു.

Advertisement