ഇന്ത്യൻ സൂപ്പർതാരവും ചെന്നൈ സൂപ്പർകിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണിയ്ക്ക് വെസ്റ്റ് ഇൻഡീസ് സെലക്ടർമാർക്കുള്ളതിനേക്കാൾ വിശ്വാസം തന്നിലുണ്ടെന്ന് വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോ. ചെന്നൈ സൂപ്പർകിംഗ്സാണ് തന്നെ പുനരുജ്ജീവിപ്പിച്ചതെന്നും ബ്രാവോ പറഞ്ഞു.
മോശം പ്രകടനം നടത്തുകയാണെങ്കിൽ മറ്റ് ടീമുകളിലാണെങ്കിൽ നിങ്ങൾക്ക് സമ്മർദ്ദമുണ്ടാകും. എന്നാൽ സിഎസ്‌കെയിൽ അതുണ്ടാകില്ലെന്ന് ബ്രാവോ കൂട്ടിച്ചേർത്തു. ധോണിയും പരിശീലകൻ ഫ്ളെമിംഗും ടീമിനെ ഒരുക്കുന്നതിൽ മാതൃകയാണെന്നും ബ്രാവോ പറയുന്നു.
2011 മുതൽ ചെന്നൈയിലാണ് ബ്രാവോ. ഐപിഎല്ലിൽ രണ്ട് തവണ പർപ്പിൾ ക്യാപ് സ്വന്തമാക്കായിട്ടുണ്ട് ഈ വെസ്റ്റ് ഇൻഡീസ് താരം. എന്നാൽ ദേശീയ ടീമിൽ പലപ്പോഴും സ്ഥാനം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല.
എന്നിൽ ധോണി കാണിക്കുന്ന വിശ്വാസം എനിക്ക് തിരിച്ചുനൽകണം. മഹാനായ കളിക്കാരനാണ് ധോണിയെന്നും ബ്രാവോ കൂട്ടിച്ചേർത്തു.
അതേ സമയം കോവിഡ് 19ന്റെ സാഹചര്യത്തിൽ അനിശ്ചിതകാലത്തേയ്ക്ക് റദ്ദാക്കപ്പെട്ട ഐപിഎൽ നടത്താൻ സാദ്ധ്യത തെളിയുന്നു. ട്വന്റി20 ലോക കപ്പിന്റെ സാദ്ധ്യതകൾ ചർച്ച ചെയ്യാൻ ചേർന്ന് ഐസിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് യോഗമാണ് ഐപിഎല്ലിന് കൂടി വാതിൽ തുറന്നിട്ടിരിക്കുന്നത്.
ഫെബ്രുവരി മാർച്ച് മാസത്തിൽ ട്വന്റി20 ലോക കപ്പ് നടത്തുന്നതിനാണ് കൂടുതൽ അംഗങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചത്. ഐസിസിയിലെ 12 അംഗങ്ങളും, മൂന്ന് അസോസിയേറ്റ് അംഗങ്ങളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ലോക കപ്പ് ഫെബ്രുവരിയിലേക്ക് നീക്കുകയാണ് എങ്കിൽ ഒക്ടോബറിൽ ഐപിഎൽ നടത്താനാവും.
ഇത് ട്വന്റി20 ലോക കപ്പിന് മുമ്പ് കളിക്കാർക്ക് മത്സര പരിചയം നേടാൻ സഹായിക്കുമെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടി. 2022 ലേക്ക് ലോക കപ്പ് മാറ്റിവെയ്ക്കുക, നിശ്ചിയിച്ച സമയത്ത് ലോക കപ്പ് നടത്തുക എന്ന വിഷയവും എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
2021ലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കേണ്ടത്. ഇതിന്റെ കാര്യത്തിലും ഇനി വ്യക്തത വരേണ്ടതുണ്ട്.