ലോകം മുഴുവൻ കൊറോണ വൈറസ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം സീസൺ നടക്കുമോയെന്ന കാര്യം അനിശ്ചിതത്തിലായിരുന്നു. മാർച്ച് 29ന് തുടങ്ങേണ്ട ലീഗ് ഇതോടെ ഏപ്രിൽ 15ലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ രാജ്യം സമ്പൂർണ്ണമായി ലോക്ഡൗണായതോടെ ഏപ്രിലിൽ ഐപിഎൽ നടക്കുമോയെന്ന കാര്യം സംശയത്തിലായി.
ഇപ്പോഴിതാ ഐപിഎൽ ഏതുവിധേനയും നടത്താനാണ് ബിസിസിഐ ലക്ഷ്്യമിടുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ഐപിഎൽ നടത്താനാണത്രെ ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ അധികൃതർ നടത്തുന്നത്. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ് മത്സരം നടത്തേണ്ടതെങ്കിൽ ഏഷ്യാ കപ്പ് മാറ്റിവെക്കേണ്ടിവരും.
ഏഷ്യ കപ്പ് നീട്ടിവെക്കാൻ ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ സമ്മർദ്ദം ചെലുത്തുമെന്നും സംസാരമുണ്ട്. അങ്ങനെയെങ്കിൽ ഈ നീക്കം വിവാദമായേക്കും. ഐപിഎൽ ഉപേക്ഷിക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുള്ള ചിന്തയാണ് ബിസിസിഐയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
ഏഷ്യാകപ്പിന് പുറമേ മറ്റ് ചില ക്രിക്കറ്റ് പരമ്പരകളും നീട്ടിവെക്കേണ്ടിയോ ഉപേക്ഷിക്കേണ്ടിയോ വന്നേക്കും. ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന, ടി20 പരമ്പരകളും, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് ടീമുകളുടെ ചില പരമ്പരകളും ഇതിൽപ്പെടും. ഐപിഎൽ നടക്കാതിരുന്നാൽ 10000 കോടിയുടെ നഷ്ടമാണത്രെ ഉണ്ടാകു. ഇതാണ് കടുംകൈ ചെയ്യാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നത് എന്നാണറിയാൻ കഴിയുന്നത്.