ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ പെരുമാറ്റം പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ലോകകപ്പിൽ അംപയറോട് അമിത അപ്പീൽ നടത്തിയ കോഹ്‌ലിക്ക് പിഴ ലഭിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും സമാനമായ സംഭവങ്ങളാണ് കോലിയുടെ ഭാഗത്തുനിന്നുണ്ടായത്.
ബംഗ്ലാദേശ് ഇന്നിംഗ്സിലെ 11-ാം ഓവറിൽ മുഹമ്മദ് ഷമിയെറിഞ്ഞ പന്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഷമിയുടെ പന്ത് സൗമ്യ സർക്കാറിന്റെ പാഡിൽ തട്ടിയതോടെ ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തു. ഫീൽഡ് അംപയർ ഔട്ട് വിധിക്കാത്തതിനാൽ കോഹ്‌ലി ഡിആർഎസ് ആവശ്യപ്പെട്ടു. ഇൻസൈസ് എഡ്ജ് കണ്ടെത്തിയ മൂന്നാം അംപയർ അലിം ദാർ അൾട്രാ എഡ്ജ് പരിശോധിച്ചില്ല. ഇതോടെ ഫീൽഡ് അംപയറുടെ തീരുമാനം മൂന്നാം അംപയറും ശരിവെച്ചു.
ഇന്ത്യ ഒരു റിവ്യൂ അവസരം നഷ്ടമാക്കുകയും ചെയ്തു. എന്നാൽ ഫീൽഡ് അംപയർമാരുടെ അടുത്തെത്തി ശക്തമായി തർക്കിക്കുകയാണ് കോലി ചെയ്തത്. നേരത്തെ, അഫ്ഗാന് എതിരായ മത്സരത്തിൽ അംപയറോട് അമിത അപ്പീൽ നടത്തിയ കോലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ലഭിച്ചിരുന്നു. സൗമ്യ സർക്കാർ പുറത്തായപ്പോഴും കോഹ്‌ലി നിയന്ത്രണം വിട്ടു.
ഹാർദിക് പാണ്ഡ്യ എറിഞ്ഞ 16ാം ഓവറിലെ ആദ്യ പന്തിൽ സംഭവിച്ചതിങ്ങനെ. ഷോർട് എക്സ്ട്രാ കവറിൽ സൗമ്യയുടെ ക്യാച്ചെടുത്തത് കോഹ്‌ലി. ക്യാച്ചെടുത്തതിന് പിന്നാലെ ഔട്ടാണെന്ന് സൗമ്യക്ക് നേരെ വിരൽചൂണ്ടി കാണിക്കുകയായിരുന്നു കോഹ്‌ലി. 38 പന്തിൽ 33 റൺസാണ് സൗമ്യ നേടിയത്.