ഇത്തവണത്തെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് തേരോട്ടം ആരംഭിച്ച ടീം ഇന്ത്യ ഒരടി പോലും പിന്നോട്ട് വെക്കാതെ പായുകയാണ്. ബാറ്റിംഗ് ബോളിംഗ്,ഫീൽഡിംഗ് എന്നീ മൂന്ന് മേഖലകളിലും ആധിപത്യം പുലർത്തുന്ന പ്രകടനമാണ് കോഹ്ലിയുടെയും സംഘത്തിന്റെയും ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
ബാറ്റിംഗിൽ പിഴച്ചാൽ ബോളിംഗ് ഡിപ്പാർട്ട്മെന്റ് കളി ജയിപ്പിക്കുന്ന ചാമ്പ്യൻ ശൈലി ടീം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസിനും എതിരായ മത്സരങ്ങൾ അതിനുള്ള തെളിവായിരുന്നു. ലോകകപ്പ് പോലൊരു വമ്പൻ പോരാട്ടത്തിൽ ഒരു തരത്തിലുള്ള പിഴവുകളും പാടില്ല. ചില വിക്കറ്റുകൾ തെറിച്ചാൽ ടീമിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കും.
അങ്ങനെയൊരു സാഹചര്യത്തിലൂടെയാണ് ടീം ഇന്ത്യ കടന്നു പോകുന്നത്. ബാറ്റിംഗ് ലൈനപ്പിന്റെ നെടുംതൂണാണ് നാലാം നമ്പർ പൊസിഷൻ. ഓസ്ട്രേലിയക്കായി ഈ നമ്പറിൽ എത്തുന്നത് സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ സ്റ്റീവ് സ്മിത്താണ്.
ഇംഗ്ലണ്ടിനായി എത്തുന്നത് അവരുടെ ക്യാപ്റ്റൻ മോർഗനും. വെടിക്കെട്ട് താരം റോസ് ടെയ്ലറാണ് ന്യൂസിലൻഡിന്റെ നാലാം നമ്പറുകാരൻ. അത്രയും പ്രാധാന്യം അർഹിക്കുന്നതാണ് ഈ സ്ഥാനം. ഇവിടെയാണ് കോഹ്ലിക്ക് ആശങ്ക മാത്രം സമ്മാനിച്ച് വിജയ് ശങ്കർ ഇറങ്ങുന്നത്.
പാകിസ്ഥാനെതിരെ സമ്മർദ്ദത്തിലൂന്നി ബാറ്റ് വീശുകയും അഫ്ഗാനിസ്ഥാനെതിരെ റൺസ് കണ്ടെത്താൻ വിഷമിക്കുകയും ചെയ്യുന്ന ശങ്കറിനെ ടീം കണ്ടു. ടീം സമ്മർദ്ദത്തിൽ നിന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലും താരം ടീമിനെ കൈവിട്ട് കൂടാരം കയറി. സുന്ദരമായ മൂന്നു ബൗണ്ടറികൾ നേടി പ്രതീക്ഷ നൽകിയ ശങ്കർ, കെമർ റോച്ചിന്റെ ഉഗ്രൻ പന്തിന്റെ ഗതി എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത താരമായി.
ഫലമോ കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് സമ്മാനിച്ച് പുറത്ത്. പാകിസ്ഥാനെതിരെ മാത്രമാണ് താരം പന്തെറിഞ്ഞത്. നാലാം നമ്ബരിലെ ഈ വെല്ലുവിളി ടീമിനെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഇനി അതായിരിക്കില്ല സംഭവിക്കുക. കാരണം അടുത്ത എതിരാളി ഇംഗ്ലണ്ടാണ്. വിൻഡീസിനെതിരെ ഇന്ത്യ പഴയ ടീമിനെ നിലനിർത്തുന്നു എന്നു കൊഹ്ലി പറഞ്ഞപ്പോൾ മുതൽ എതിർപ്പ് ശക്തമാണ്. നാലാം നമ്ബറിൽ ഋഷഭ് പന്ത് അല്ലെങ്കിൽ ദിനേഷ് കാർത്തിക്ക് എത്തണമെന്നാണ് പൊതുവെയുള്ള വികാരം.
പന്തിനോടാണ് മുൻ താരങ്ങളടക്കമുള്ളവർക്ക് താൽപ്പര്യം. കളിയുടെ ഗതി നിയന്ത്രിക്കുന്നതിനൊപ്പം വമ്ബർ സ്കോർ പടുത്തുയർത്താൻ കഴിയുന്ന താരം കൂടിയാണ് ഋഷഭ്. കഴിഞ്ഞ ഐപിഎല്ലിൽ ഡൽഹിക്കായി നാലാം നമ്ബറിലെത്തിയാണ് താരം റൺവേട്ട നടത്തിയത്. വൻ താരങ്ങൾ അണിനിരക്കുന്ന ഇംഗ്ലണ്ട് പോലൊരു ടീമിനെതിരെ പന്ത് കൂടി എത്തിയാൽ ബാറ്റിംഗ് ഓർഡർ അതിശക്തമാകും.
രാഹുൽ, പന്ത്, പാണ്ഡ്യ, ധോണി എന്നീ നാല് പവർ ഹിറ്റർമാർ അണിനിരക്കുമ്ബോൾ ബോളർമാർ സമർദ്ദത്തിലാകും. രാഹുൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് മാറിയതിന്റെ കുറവ് നികത്താൻ നാലാം നമ്ബറിൽ പന്തിനേക്കാൾ മികച്ച താരമില്ല. എന്നാൽ, ഞായറാഴ്ച ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോൾ കോഹ്ലി എങ്ങനെ ചിന്തിക്കുമെന്ന് വ്യക്തമല്ല. മറിച്ചാണ് തീരുമാനമെങ്കിൽ പന്ത് ടീമിലും ശങ്കർ പുറത്തും ഇരിക്കും.