തിരുവനന്തപുരം: കടലിൽനിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞ നാളുകളായിരുന്നു ജയിൽ ദിവസങ്ങളെന്ന് മലയാളിയുടെ കോട്ട്മാൻ അറ്റ്ലസ് രാമചന്ദ്രൻ. ജയിൽ ദിവസങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്നും രാമചന്ദ്രൻ ഓർത്തെടുക്കുന്നു.
പലദിവസങ്ങളിലും ഒറ്റയ്ക്കിരുന്നു കരഞ്ഞു. ഏകാന്തത അതു തന്നെ വല്ലാതെ തളർത്തിയെന്നും രാമചന്ദ്രൻ പറഞ്ഞു. കൈരളി ടിവിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാമചന്ദ്രൻ മനസ് തുറന്നത്.
‘ഞാൻ പൊതുജനങ്ങൾക്ക് ഒപ്പമാണ് ജീവിച്ചത്. ദിവസവും നൂറുകണക്കിന് ആളുകളെ കാണുമായിരുന്നു. അതെല്ലാം വിട്ട് ഒറ്റയ്ക്കായപ്പോൾ കടലിൽനിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞു. അത് സഹിക്കാവുന്നതായിരുന്നില്ല. ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാവും. എന്നാൽ ഇത്തവണത്തെ പ്രയാസം അൽപം ദൈർഘ്യം ഏറിയാതായിപ്പോയി. ഇങ്ങനെ ഒരു തളർച്ചവരുമെന്ന് കരുതിയിരുന്നില്ല’.
ബർദുബായി പോലീസ് സ്റ്റേഷനിൽനിന്ന് ഒരു വിളിവന്നു. കാണാൻ സാധിക്കുമോ എന്നറിയാനായിരുന്നു. വീട്ടിലേക്ക് വരാൻ പറഞ്ഞു. അവർ വീട്ടിൽവന്ന ശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീടാണ് മനസിലായത് തടവിലാക്കിയതാണ് എന്ന്.
പിറ്റേന്നാണ് കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. ജയിലിൽ ആയിരുന്നപ്പോൾ പത്രങ്ങളിൽവന്ന അവാസ്തവമായ വാർത്തകൾ ഏറെവേദനിപ്പിച്ചു. വലിയൊരു ഭീകരനായി അവതരിപ്പിച്ചതിൽ വിഷമം ഉണ്ടായി. ഭാര്യ ഇന്ദുവാണ് ഇതിൽനിന്നെല്ലാം മോചനം നേടാൻ സഹായിച്ചത്.
സമയം കിട്ടിയിരുന്നെങ്കിൽ എല്ലാ കടങ്ങളും തിരിച്ചുകൊടുക്കാൻ കഴിയുമായിരുന്നു. ജയിലിൽ ആയിരുന്നതുകൊണ്ട് ന്യായമായ വിലപോലും ലഭിക്കാതെ കിട്ടിയ വിലയ്ക്കാണ് ആശുപത്രി വിൽക്കേണ്ടിവന്നത്.
അതിൽ വളരെ വിഷമം ഉണ്ടായി. ജയലിനു പുറത്തായിരുന്നെങ്കിൽ കിട്ടിയതിനേക്കാൾ കൂടുതൽ ലഭിക്കുമായിരുന്നു. കടം ഉണ്ടായിരുന്നതിൽ കൂടുതൽ ആസ്തി അപ്പോൾ ഉണ്ടായിരുന്നു. അൽപം കൂടി സമയം ലഭിച്ചിരുന്നെങ്കിൽ കടമെല്ലാം കൊടുത്തു തീർക്കാൻ കഴിയുമായിരുന്നു. ഒന്നിൽനിന്നും ഒളിച്ചോടാൻ താൻ ആഗ്രഹിച്ചില്ല- അദ്ദേഹം പറഞ്ഞു.
ചാരത്തിൽനിന്നും പറന്നുയരുന്ന ഫിനിക്സിനെപ്പോലെ വീണ്ടും തിരിച്ചുവരും. ആ നിശ്ചയദാർഡ്യം തനിക്കുണ്ട്. ജനകോടികളുടെ സൗഹൃദം തനിക്ക് പിന്തുണയായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ ഓർമക്കുറുപ്പുകൾ എഴുതുന്നതായിരുന്നു സമയം കളയാൻ കണ്ടെത്തിയ മാർഗം. മനസിൽ തിരയടിച്ച ഓർമകളെല്ലാം കടലാസിൽ കുറിച്ചുവച്ചു. കുട്ടിക്കാലത്തെ ഓർമകളാണ് ആദ്യം എത്തിയത്. ജനിച്ചസമയത്തെ കാര്യങ്ങൾ അച്ഛൻ പറഞ്ഞുതന്നതുമുതൽ, അമ്മയും അച്ഛനും പറഞ്ഞ കഥകൾ വരെ കുറുപ്പുകളായി പുനർജനിച്ചു.
ഇനി ആരെയും അമിതമായി വിശ്വസിക്കില്ല. വിഷമതകളുടെ കാലത്ത് സ്നേഹിക്കാൻ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പരിപൂർണ സ്നേഹം അത് തന്റെ ഇന്ദു മാത്രമാണ്. അവൾ ബിസിനസിൽ പങ്കാളിയായിരുന്നെങ്കിൽ ഇപ്പോഴുണ്ടായ വിഷമതകളൊന്നും ഉണ്ടാവുമായിരുന്നില്ല- അദ്ദേഹം പറഞ്ഞുനിർത്തി