വൈറ്റ് റോക്ക് ബീച്ച്: ന്യൂസിലൻഡിൽ കടൽത്തീരത്തു ഗർഭിണിയായ ഇന്ത്യൻ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. താനെ സ്വദേശി സോനം ഷെലാറിനെ (26) യാണ് നോർത്ത് ഐലൻഡിനെ വൈറ്റ് റോക്ക് ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിവാഹശേഷം ഈ വർഷം ജൂലൈയിലാണ് സോനം ഭർത്താവിനൊപ്പം ന്യൂസിലൻഡിലേക്കു പോയത്. ഈ മാസം 17-ന് സോനത്തിന്റെ തിരോധാനം സംബന്ധിച്ച് ഭർത്താവ് സാഗർ പോലീസിൽ പരാതി നൽകിയിരുന്നു.
വെല്ലിംഗ്ടണിലെ കാഷ്മീരി അവന്യുവിൽനിന്നാണ് സോനത്തെ കാണാതായത്. ഇവിടെ ഫിസിക്കൽ ട്രെയിനറായി ജോലി നോക്കുകയായിരുന്നു സോനം. ഭർത്താവ് സാഗർ ഇവിടെ ഹോട്ടലിൽ ഷെഫായി ജോലി നോക്കുകയാണ്.
മൃതദേഹം കണ്ടെത്തുന്നതിനു മുന്പ് കടൽത്തീരത്തുനിന്ന് രണ്ടു മൊബൈൽ ഫോണുകൾ ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സോനം ജീവനൊടുക്കുകയായിരുന്നെന്നാണു പോലീസ് നിഗമനമെങ്കിലും ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. ഭർത്താവിനെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അപരിചിതമായ സ്ഥലത്ത് സോനം എങ്ങനെ എത്തിപ്പെട്ടു എന്നതിനെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.
സോനത്തിന്റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരില്ലെന്നും സംസ്കാര ചടങ്ങുകൾ ന്യൂസിലൻഡിൽ തന്നെ നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.