ഗൾഫിൽ തൊഴിൽ തട്ടിപ്പിന് ഇരയായി കാണാതായ മലയാളി വീട്ടമ്മ തിരിച്ചെത്തി

28

കൊല്ലം: ഗൾഫിൽ തൊഴിൽ തട്ടിപ്പിന് ഇരയായി കാണാതായ മലയാളി വീട്ടമ്മ 17 ദിവസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി.

കൊല്ലം മുളവന മുക്കൂട് പുത്തൻവിളവീട്ടിൽ സുനിതയെയാണ് ദുബായിൽ നിന്ന് കാണാതായത്. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുനിതയെ മക്കൾ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

Advertisements

ദുബായിൽ ജോലിക്ക് എന്ന് പറഞ്ഞാണ് ഏജന്റ് സുനിതയെ കൊണ്ടുപോയത്.അവിടെനിന്ന് ഒമാനിലേക്ക് കടത്തുകയായിരുന്നു.

ഏപ്രിൽ 20 മുതൽ സുനിതയുടെ യാതൊരു വിവരവുമില്ലാത്തതിനാൽ മൂന്നുമക്കളും ആശങ്കയിലായിരുന്നു. സുനിതയെക്കുറിച്ച് വാർത്ത വന്നതോടെ അധികൃതരും പ്രവാസികളും ഇടപെടുകയായിരുന്നു.

ഒമാനിൽ ലിവ എന്ന സ്ഥലത്ത് സ്പോൺസർ സുനിതയെ വീട്ടുതടങ്കലിലാക്കിയിരുന്നു. വാർത്തകണ്ടതോടെ ഒഐസിസി നേതാക്കളായ ചന്ദ്രൻ കല്ലട, ശങ്കരപ്പിള്ള കുമ്പളത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇടപെട്ടു.

കരാറനുസരിച്ചുള്ള 1500 ഒമാൻ റിയാൽ (ഏകദേശം 2.69 ലക്ഷം രൂപ) നൽകിയതോടെയാണ് സ്പോൺസർ സുനിതയെ വിട്ടയയ്ക്കാൻ തയ്യാറായത്.

സുനിത ശനിയാഴ്ചയാണ് ഒമാനിലെ ഇന്ത്യൻ എംബസിയിലെത്തിയത്. തിങ്കളാഴ്ച പുലർച്ചെ മുംബൈ വിമാനത്താവളത്തിലെത്തി.

അവിടെനിന്നാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. മക്കളായ സീതാലക്ഷ്മിയും അനന്തുവും എത്തിയാണ് സുനിതയെ കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയത്.

Advertisement