ദുബായ് : തൊഴില്‍ തേടി യുഎഇയില്‍ എത്തുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. അടുത്തമാസം നാലിന് ഇതു പ്രാബല്യത്തില്‍ വരും. തൊഴില്‍ വിസ ലഭിക്കാന്‍ എല്ലാ വിദേശികളും അതതു രാജ്യങ്ങളില്‍ നിന്നോ കഴിഞ്ഞ അഞ്ചുവര്‍ഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ രാജ്യങ്ങളിലെ യുഎഇ നയതന്ത്രകാര്യാലയങ്ങളിലോ യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയത്തിനു കീഴിലുള്ള ഹാപ്പിനെസ് കേന്ദ്രങ്ങളിലോ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം.
തൊഴില്‍ വിസയെടുക്കുന്നവര്‍ക്കു മാത്രമാണ് പുതിയ നിയമം ബാധകം. കുടുംബാംഗങ്ങള്‍ക്കോ മറ്റ് ആശ്രിതര്‍ക്കോ ഇതു ബാധകമല്ല. സന്ദര്‍ശക വിസയില്‍ എത്തുന്നവരെയും ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സമൂഹനന്മയും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉന്നതതല സമിതി വ്യക്തമാക്കി.