പോത്തുകല്ല്: മലപ്പുറത്ത്‌നിന്നുള്ള ഒരു മനോഹര മനുഷ്യത്വത്തിന്റെ വാർത്തയാണ് സോഷ്യൽമീഡിയയിലടക്കം ചർച്ചയാകുന്നത്. ആരോരുമില്ലാതത് കുടുംബത്തിന് തണലായി മാറുകയായിരുന്നു അൽപ സമയത്തേക്ക് എങ്കിലും ആതിര എന്ന വിദ്യാർത്ഥിനി. ഈ പെൺകുട്ടിയുടെയുടെ സന്മനസാണ് ചർച്ചയാകുന്നത്.
അന്ധനായ ഭർത്താവിനൊപ്പം കൈക്കുഞ്ഞുമായി തെരുവിൽ പാടി ജീവിക്കുന്ന യുവതി ക്ഷീണിച്ച് അവശയായി തൊണ്ടയിടറി പാട്ട് നിർത്തിയതോടെയാണ് കൂടെചേർന്ന് പാടി പത്താം ക്ലാസ് വിദ്യാർത്ഥിനി സഹായം നൽകിയത്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പോത്തുകല്ലിലാണ് സംഭവം. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അവസാന വട്ട ഒരുക്കങ്ങൾക്കായി പഠനോപകരണങ്ങളും മറ്റും വാങ്ങാനായി ടൗണിലേക്ക് ഇറങ്ങിയ വിദ്യാർത്ഥിനി ആതിരയാണ് ഒരു കുടുംബത്തിന് തന്നെ സഹായമായത്.
തെരുവിൽ ജീവിതം ഉഴിഞ്ഞുവെച്ച ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പാടി ജീവിക്കുന്ന യുവതിക്കും കുടുംബത്തിനുമാണ് ആതിരയുടെ സഹായം ലഭിച്ചത്. വീട്ടിൽ നിന്ന് ഏറെ ദൂരത്തിൽ അല്ലാതെയുള്ള ടൗണിലായിരുന്നു കൈക്കുഞ്ഞുമായി യുവതി പാടിക്കൊണ്ടിരുന്നത്.
എന്നാൽ ഈ പാട്ടിലെ അവശത ആതിര തിരിച്ചറിയുകയായിരുന്നു. ഏറെ നേരമായി കേട്ടുകൊണ്ടിരുന്ന യുവതിക്ക് തൊണ്ടയിടറുന്നുണ്ടായിരുന്നു. ഇതോടെയാണ് ആതിര അനീഷ. റോഡ് മുറിച്ച് കടന്ന് തെരുവുഗായകർക്ക് സമീപത്തെത്തി യുവതിയോട് അൽപനേരം വിശ്രമിക്കാനാവശ്യപ്പെട്ടത്. തുടർന്ന് ആതിര അതിമനോഹരമായി പാട്ട് പാടി ഇവർക്ക് കൈത്താങ്ങാവുകയായിരുന്നു.
പെട്ടന്നുണ്ടായ സ്വര വ്യത്യാസം ആളുകൾ ശ്രദ്ധിക്കുകയും കുടുംബത്തിന് സഹായവുമായി നിരവധിപ്പേർ എത്തുകയുമായിരുന്നു. അതേസമം, ആതിരയുടെ ഈ പ്രവർത്തിക്ക് കുടുംബത്തിന്റെ പൂർണ പിന്തുണയാണ് ഉള്ളത്. ഏറെ നേരമായി പാടുന്ന യുവതിയുടെ പാട്ടിലെ തളർച്ച ശ്രദ്ധിച്ചിരുന്നുവെന്ന് ആതിരയുടെ അമ്മ ദീപ പറയുന്നു. അവിടെ കൂടിയ നിരവധിപ്പേർ മകൾ പാടുന്നതിന്റെ വീഡിയോ എടുത്തെന്നും ദീപ പറയുന്നു. ‘ആ ഇത്ത ഏറെ നേരമായി പാട്ട് പാടുകയായിരുന്നു, കുഞ്ഞിനെയും പിടിച്ചുള്ള ദീർഘനേരമായുള്ള പാട്ട് അവരെ ക്ഷീണിപ്പിച്ചു. അതാണ് മകൾ ഇത്തരമൊരു സഹായത്തിന് തുനിഞ്ഞത്’-ആതിരയുടെ അമ്മ പറഞ്ഞു.
ആതിരയ്ക്ക് അഭിനന്ദനവുമായി നിരവധിപേരാണ് എത്തിയത്. എന്തിനും ഏതിനും വർഗീയ മുഖം നൽകപ്പെടുന്ന കാലത്ത് മുസ്ലിം വിഭാഗത്തിലെ ഒരു കുടുംബത്തിനായി ആതിര ചെയ്തത് വലിയ കാര്യമെന്നാണ് മിക്കവരും പറയുന്നത്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും നിരവധി പേർ ആതിരയുടെ പാട്ടിനോട് പ്രതികരിക്കുന്നു.
പോത്തുകല്ല് കാത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആതിര. പാതാർ സ്വദേശിയായ ആതിരയുടെ കുടുംബം ഉരുൾപൊട്ടലിന് പിന്നാലെ പോത്തുകല്ലിൽ വാടകയ്ക്ക് താമസിക്കുകയാണ്.